വാളയാര്‍ കേസിലെ പ്രതിയുടെ ദുരൂഹ മരണം, അന്വേഷണം തേടി വാളയാറിലെ അമ്മ

പാലക്കാട്- വാളയാര്‍ കേസിലെ പ്രതി കുട്ടിമധുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വാളയാറിലെ അമ്മയും നീതി സമരസമിതിയും പരാതി നല്‍കി. വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ മരണമടഞ്ഞ കേസിലെ പ്രതികള്‍ ഒന്നിനു പിറകേ ഒന്നായി മരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ആലുവ റൂറല്‍ എസ്.പിക്കും വാളയാര്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐക്കും പരാതി നല്‍കിയിരിക്കുന്നത്.
വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നിലവില്‍ സി.ബി.ഐ അന്വേഷിക്കുകയാണ്. പ്രധാന പ്രതികളിലൊരാളായ കുട്ടിമധുവിനെ ഇന്നലെ എറണാകുളം ജില്ലയിലെ ബിനാനിപുരത്ത് തൂങ്ങിമമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ പ്രദീപ് ലോക്കല്‍ പോലീസിന്റെ അന്വേഷണ സമയത്താണ് ആത്മഹത്യ ചെയ്തത്.
ദുരൂഹമാണ് പ്രതികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യ. അന്വേഷണം നടക്കുന്ന സമയത്ത് പ്രതികള്‍ ദുരൂഹമായി മരിക്കുന്നതിനു പിന്നില്‍ ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഉള്ളതായി സംശയിക്കുന്നു. കേസന്വേഷണം അട്ടിമറിക്കാനും ഇനിയും പ്രതിയാക്കപ്പെടാനിടയുള്ളവരെ രക്ഷിക്കാനുമുള്ള താല്‍പര്യം സംഭവങ്ങള്‍ക്കു പിന്നിലുണ്ടെന്ന് ന്യായമായും സംശയിക്കാം. ഈ സാഹചര്യത്തില്‍ കുട്ടിമധുവിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. മരിച്ചയാളുടെ ഫോണും ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിലെടുക്കാന്‍ അടിയന്തിരനടപടി വേണം- വാളയാറിലെ അമ്മയും സമരസമിതിയും നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അറിയിച്ചു.

 

Latest News