മധ്യവയസ്‌ക്കന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു, സഹോദരനും സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട - ഏഴംകുളത്ത് മധ്യവയസ്‌ക്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മരിച്ചയാളുടെ സഹോദരനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം കൊല്ലശ്ശേരി സ്വദേശി അനീഷ് ദത്തനാണ് മരിച്ചത്. അനീഷ് ദത്തന്റെ സഹോദരന്‍ മനോജ് ദത്തന്‍, സുഹൃത്ത് ബിനു എന്നിവരെയാണ് കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. തലയ്ക്ക് പിന്നില്‍ ക്ഷതം ഏറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മരണത്തില്‍ സംശയമുണ്ടെന്ന് അനീഷ് ദത്തന്റെ അമ്മ ശാന്തമ്മ പൊലീസിനെ അറിയിച്ചിരുന്നു.
രാത്രിയില്‍ താനും മക്കളായ അനീഷ് ദത്തനും മനോജ് ദത്തനും ഇവരുടെ സുഹൃത്ത് ബിനുവുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂവരും തമ്മില്‍ രാത്രി വീട്ടില്‍ തര്‍ക്കം നടന്നിരുന്നു. അനീഷ് ദത്തന്റെ കഴുത്തില്‍ സുഹൃത്ത് ബിനു പിടിമുറുക്കുന്നത് താന്‍ കണ്ടിരുന്നു. ഈ സമയം അനീഷ് ദത്തന്റെ സഹോദരന്‍ മനോജ് ദത്തനും സമീപത്തുണ്ടായിരുന്നു. തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റു നോക്കിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കണ്ടതെന്നും ശാന്തമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

Latest News