Sorry, you need to enable JavaScript to visit this website.

എക്‌സിക്യൂട്ടീവ് ജോലികൾ  സൗദിവത്കരിക്കുന്നു; പ്രഖ്യാപനം രണ്ടാഴ്ചക്കകം

റിയാദ്- എക്‌സിക്യൂട്ടീവ് ജോലികൾ അടക്കം പ്രധാനപ്പെട്ട തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ പ്രഖ്യാപനം രണ്ടാഴ്ചക്കകം ഉണ്ടാവുമെന്ന് റിപ്പോർട്ട്. നിലവിൽ 12 റീട്ടെയിൽ മേഖലകളിൽ ബാധകമാക്കിയ സ്വദേശിവത്കരണതോതിൽ ഭേദഗതിയും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വകാര്യമേഖലയിലെ എക്‌സിക്യൂട്ടീവ് ജോലികൾ സ്വദേശിവത്കരിക്കുന്നതിന് തൊഴിൽ-സാമൂഹിക മന്ത്രാലയം ആവിഷ്‌കരിച്ച വിവിധ പദ്ധതികളാണ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കുന്നത്. തൊഴിൽ, വാണിജ്യ, നഗര മന്ത്രാലയങ്ങൾ, ചേംബർ ഓഫ് കൊമേഴ്‌സ്, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയിൽ നിന്നെല്ലാമുള്ള വിദഗ്ധരടങ്ങുന്ന സ്വദേശിവത്കരണ സമിതി സ്വദേശിവത്കരണം നടപ്പാക്കേണ്ട മേഖലകളെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്.
കാർ, മോട്ടോർ ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രശാലകൾ, വീട്, ഓഫീസ് ഫർണ്ണീച്ചർ ശാലകൾ, ഹോം അപ്ലയൻസ് ഷോറൂമുകൾ, അടുക്കള സാമഗ്രികൾ വിൽക്കുന്ന കടകൾ, ഇലക്‌ട്രോണിക് സ്റ്റോറുകൾ, വാച്ച് സ്റ്റോറുകൾ, കണ്ണട വിൽപന ശാലകൾ, മെഡിക്കൽ ഉപകരണങ്ങൾ, ബിൽഡിംഗ് സാമഗ്രികൾ, ഓട്ടോസ്‌പെയർ പാർട്‌സ്, കാർപെറ്റ് വിൽപനശാലകൾ, ബേക്കറികൾ തുടങ്ങിയ 12 മേഖലകളിൽ അടുത്ത മാസം മുതൽ മൂന്നു ഘട്ടമായി സമ്പൂർണ സ്വദേശിവത്കരണമായിരുന്നു നേരത്തെ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ മേഖലകളിലെ സ്വദേശിവത്കരണം 70 ശതമാനമാക്കി കുറക്കാനുള്ള തീരുമാനമാനത്തിലാണിപ്പോൾ മന്ത്രാലയം എത്തിയിട്ടുള്ളത്. നേരത്തെ പൊതുജനാഭിപ്രായം തേടാനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഈ നിർദേശം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ലോഡിംഗ് തൊഴിലിനെ സ്വദേശിവത്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഭേദഗതി ഒന്നോ രണ്ടോ വർഷം മാത്രമേ നിലനിൽക്കൂവെന്നും പിന്നീട് ഘട്ടം ഘട്ടമായി സ്വദേശിവത്കരണതോത് ഉയർത്തുകയോ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുകയോ ചെയ്യാനാണ് മന്ത്രാലയം ഉേേദ്ദശിക്കുന്നതെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.
അതിനിടെ, സ്വദേശിവത്കരണം, ലെവി ഇൻവോയ്‌സ് അടക്കം കരാർ മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയ 14 പദ്ധതികൾ സംബന്ധിച്ച് തൊഴിൽ മന്ത്രി എഞ്ചിനീയർ അഹമദ് അൽറാജിഹിയുമായി ചർച്ച നടത്തുമെന്ന് സൗദി ചേംബർ ഓഫ് കൊമേഴ്‌സിലെ ദേശീയ കോൺട്രാക്ടിംഗ് സമിതി അറിയിച്ചു. പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം അതിന് പരിഹാരവും സമിതി മുന്നോട്ടുവെക്കും. ലെവി ഇൻവോയ്‌സ് പദ്ധതി നടപ്പാക്കിയതും ഫൈനൽ എക്‌സിറ്റിൽ പോകുന്ന വിദേശിക്ക് പകരം തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതും പുനഃപരിശോധിക്കണമെന്നും സമിതി മന്ത്രിക്ക് മുമ്പാകെ ഉന്നയിക്കും.
 

Latest News