Sorry, you need to enable JavaScript to visit this website.

ഇസ്രായിലിനെതിരെ യു.എൻ; ഹമാസിന്റെ ആക്രമണം ശൂന്യതയിൽനിന്നല്ല, അധിനിവേശത്തിൽ ശ്വാസം മുട്ടുന്നു

ജനീവ- ഹമാസിന്റെ ആക്രമണം ശൂന്യതയിൽനിന്ന് വന്നതല്ലെന്ന് തിരിച്ചറിയണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സെക്യൂരിറ്റി കൗൺസിലിന്റെ ഉന്നതതല സമ്മേളനത്തിന് മുമ്പായാണ് സെക്രട്ടറി ജനറലിന്റെ പ്രസ്താവന. അതേസമയം, ഇസ്രായിലിൽ ഹമാസ് നടത്തിയ ക്രൂരതയെ ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്റെ പേരിൽ ഫലസ്തീനികളെ ഒന്നാകെ കൊന്നൊടുക്കുന്നതിനെ ന്യായീകരിക്കാനാകില്ല. ഗാസയിൽ നാം കണ്ടു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനങ്ങളിൽ ഞാൻ ഉത്കണ്ഠാകുലനാണ്. ഒരു സായുധ സംഘട്ടനത്തിലെ ഒരു കക്ഷിയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന് അതീതരല്ല. ഫലസ്തീനികൾ 56 വർഷമായി അധിനിവേശത്തിന്റെ ശ്വാസം മുട്ടൽ അനുഭവിക്കുകയാണ്. ഹമാസിന്റെ ആക്രമണങ്ങൾ ശൂന്യതയിലല്ല സംഭവിച്ചതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇസ്രായിൽ രംഗത്തെത്തി. പ്രസ്താവനക്ക് എതിരെ ഇസ്രായിൽ വിദേശകാര്യ മന്ത്രി എലി കോഹൻ രൂക്ഷമായി രംഗത്തെത്തി. 'മിസ്റ്റർ സെക്രട്ടറി ജനറൽ, നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്?' കോഹൻ ചോദിച്ചു. 2005ൽ ഇസ്രായിൽ ഗാസയിൽ നിന്ന് പിൻവാങ്ങിയതാണ്. അവസാന മില്ലിമീറ്റർ വരെ ഞങ്ങൾ ഫലസ്തീനുകൾക്ക് നൽകി. ഗാസയിലെ ഭൂമിയുടെ കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിയുടെ നിഷ്‌ക്രിയത്വത്തെ ഫലസ്തീൻ അതോറിറ്റിയുടെ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി അപലപിച്ചു. ഗാസയിലെ ജനങ്ങൾക്ക് നേരെ ഇസ്രായിൽ നടത്തുന്ന ക്രൂരതക്ക് എതിരെ യു.എൻ സെക്യൂരിറ്റി കൗൺസിൽ തുടർച്ചയായി പരാജയപ്പെടുകയാണെന്നും അൽ മാലികി ആരോപിച്ചു.
അതേസമയം, ഖത്തർ, ബ്രസീൽ അടക്കമുള്ള നിരവധി രാജ്യങ്ങൾ സാധാരണക്കാരെ കൊന്നൊടുക്കുന്നതിന് എതിരെ രംഗത്തെത്തിയെങ്കിലും ഇസ്രായിൽ സൈന്യം പരിഗണിക്കുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനകം എഴുന്നൂറിലധികം പേരെയാണ് ഇസ്രായിൽ സൈന്യം ബോംബിട്ട് കൊന്നത്. തിങ്കളാഴ്ച രാത്രി ഇസ്രായിൽ സൈന്യം തൊടുത്തുവിട്ട മിസൈൽ പതിച്ച് ഒരു കുടുംബത്തിലെ ഇരുപത് പേർ കൊല്ലപ്പെട്ടു. തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിൽനിന്ന് നൂറുകണക്കിന് മൃതദേഹങ്ങളാണ് റെഡ്‌ക്രോസ് അടക്കമുള്ള സന്നദ്ധ സംഘടനകൾ പുറത്തെടുക്കുന്നത്. ശിരസ്സില്ലാത്ത കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ കണ്ട് ലോകം ഇന്നലെയും കരഞ്ഞു. ഇസ്രായിൽ സൈന്യം മിസൈലുപയോഗിച്ച് തകർത്ത കെട്ടിടങ്ങൾക്കിടയിൽനിന്ന് നിരവധി മൃതദേഹങ്ങളാണ് രാത്രിയിലും പുറത്തെടുക്കുന്നത്. ഗാസയിലേക്ക് ഇസ്രായിൽ സൈന്യം നടത്തുന്ന ക്രൂരത തുടങ്ങിയ ശേഷം ഒറ്റ രാത്രി കൊണ്ട് കൂടുതൽ പേർ കൊല്ലപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ഗാസയിൽ ഒറ്റ രാത്രി കൊണ്ട് നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് ഹമാസ് പോരാളികളെ കൊന്നതായി ഇസ്രായിൽ അവകാശപ്പെട്ടു. എന്നാൽ ഹമാസിനെ നശിപ്പിക്കാനുള്ള തങ്ങളുടെ യുദ്ധം അവസാനിക്കാൻ സമയമെടുക്കുമെന്ന് ഇസ്രായിൽ പറഞ്ഞു. പതിനെട്ട് ദിവസത്തിനിടെ 5791 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇതിൽ 2360 കുട്ടികളും ഉൾപ്പെടും. ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള തങ്ങളുടെ ഏജൻസിയിലെ ആറ് ജീവനക്കാർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഇതോടെ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എൻ.ആർ.ഡബ്ല്യൂ.എ ജീവനക്കാരുടെ എണ്ണം 35 ആയി. യുദ്ധത്തിൽ തകർന്ന പ്രദേശത്തേക്ക് അടിയന്തര ഇന്ധന വിതരണങ്ങൾ ഉണ്ടായില്ലെങ്കിൽ ബുധനാഴ്ച ഗാസ മുനമ്പിൽ ഉടനീളമുള്ള പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകി.
ഇന്ധനം ലഭിച്ചില്ലെങ്കിൽ ഇന്ന് രാത്രിയോടെ ഗാസ മുനമ്പിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്ന് ഏജൻസി പരഞ്ഞു. ജനറേറ്ററുകളെ ആശ്രയിക്കുന്ന ആശുപത്രികൾ പോലുള്ള ഗാസയിലെ സുപ്രധാന സേവനങ്ങൾക്ക് ഊർജം പകരാൻ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ അഭാവത്തെക്കുറിച്ച് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകി. 
ഇന്ധനക്ഷാമം കാരണം ഗാസയിലുടനീളമുള്ള ആറ് ആശുപത്രികൾ ഇതിനകം അടച്ചുപൂട്ടിയതായി ലോകാരോഗ്യ സംഘടനയും അറിയിച്ചു. 
ഒക്‌ടോബർ ഏഴിന് ഹമാസ് പോരാളികൾ ഇസ്രായിലിൽ ഇരച്ചുകയറി 1400 പേരെ കൊല്ലുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തതിനെ തുടർന്നാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്. പതിനെട്ട് ദിവസമായിട്ടും സംഘർഷം ഇനിയും അവസാനിച്ചിട്ടില്ല. ഇസ്രായിലിന് പാശ്ചാത്യ രാജ്യങ്ങൾ പിന്തുണ നൽകുന്നുണ്ടെങ്കിലും സാധാരണക്കാരെ കൊല്ലരുതെന്ന് ഇസ്രായിലിന് മേൽ നയതന്ത്ര സമ്മർദം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഖത്തറിന് പുറമെ, ബ്രസീൽ, തുർക്കി എന്നീ രാജ്യങ്ങളും ഇസ്രായിലിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഇസ്രായിലിന് എതിരെ ഹമാസ് നടത്തിയ ഭീകരാക്രമണം ഗാസയിൽ ദശലക്ഷക്കണക്കിന് നിരപരാധികളെ കൊല്ലാനുള്ള ന്യായീകരണല്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. ഇസ്രായിലിനെതിരെ ഹമാസ് ഒരു ഭീകരാക്രമണം നടത്തിയതുകൊണ്ട് ഇസ്രായിൽ ദശലക്ഷക്കണക്കിന് നിരപരാധികളെ കൊല്ലണമെന്ന് അർത്ഥമാക്കുന്നില്ല. ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ കഴിയാത്തത് ഐക്യരാഷ്ട്ര സഭയുടെ ബലഹീനത തുറന്നുകാട്ടുന്നതാണെന്നും നിലവിൽ സെക്യൂരിറ്റി കൗൺസിലിന്റെ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ലുല പറഞ്ഞു. യു.എൻ കൂടുതൽ ശക്തമാണെങ്കിൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനാകും. ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ ഒരു മാനുഷിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്ക് ലുല ആഹ്വാനം ചെയ്തു. 
അതിനിടെ, ഗാസയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ഭയം റഷ്യൻ പ്രസിഡന്റ് വഌദിമിർ പുട്ടിൻ പ്രകടിപ്പിച്ചു. തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനുമായി നടത്തിയ ചർച്ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്. ഗാസ മുനമ്പിലെ ഗുരുതര സാഹചര്യത്തിലും സാധാരണക്കാരുടെ മരണത്തിലും ഇരുനേതാക്കളും അഗാധമായ ആശങ്ക പ്രകടിപ്പിച്ചുവെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കി. 
അതേസമയം, ഒക്ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയവരിൽ രണ്ട് പേരെ ഹമാസ് മോചിപ്പിച്ചു. 85 വയസ്സുള്ള യോച്ചെവ്ഡ് ലിഫ്ഷിറ്റ്‌സ്, 79 കാരിയായ നൂരിത് കൂപ്പർ എന്നിവരെയാണ് വിട്ടയച്ചത്. ഹമാസ് തങ്ങളോട് മാന്യമായാണ് പെരുമാറിയതതെന്ന് യോച്ചെവ്ഡ് ലിഫ്ഷിറ്റ്‌സ് പറഞ്ഞു. ലിഫ്ഷിറ്റ്‌സിന്റെ ഭർത്താവ് അടക്കം 220 പേർ ഇപ്പോഴും ഹമാസിന്റെ പിടിയിലാണ്. മോട്ടോർ ബൈക്കിൽ കയറ്റിയാണ് തന്നെ ഹമാസ് പോരാളികൾ കൊണ്ടുപോയതെന്നും തുരങ്കത്തിലൂടെ യാത്ര ചെയ്ത ശേഷം ഭൂമിക്കടിയിലെ ബങ്കറിൽ താമസിപ്പിച്ചുവെന്നും ഇവർ പറഞ്ഞു. ഞങ്ങൾ അവിടെ എത്തിയപ്പോൾ അവർ ആദ്യം ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്- ഞങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ്. അതിനാൽ ഞങ്ങളെ ഉപദ്രവിക്കില്ല എന്നായിരുന്നു. ബന്ദികൾക്ക് വ്യക്തിഗത സുരക്ഷ ഗാർഡുമാരെയും ഏർപ്പെടുത്തിയിരുന്നു. ഡോക്ടർ ദിവസവും സന്ദർശിച്ച് ആവശ്യമായ മരുന്നുകൾ നൽകി. മുറിവേറ്റവരെ അവർ നന്നായി പരിചരിച്ചു
-ലിഫ്ഷിറ്റ്‌സ് പറഞ്ഞു. വിട്ടയക്കുന്ന സമയത്ത് ഹമാസ് പോരാളികളിൽ ഒരാളുടെ കൈ ഇവർ പിടിച്ചുകുലുക്കുന്നതും കാണാമായിരുന്നു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ അവർ ഞങ്ങളോട് സൗമ്യമായി പെരുമാറുകയും ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ചെയ്തു എന്നായിരുന്നു മറുപടി. 
ഹമാസ് ഇതുവരെ നാല് ബന്ദികളെ മോചിപ്പിച്ചു. ബന്ദികളെ കുറിച്ച് വിവരം നൽകുന്ന ഏതൊരു ഫലസ്തീനിക്കും പാരിതോഷികവും സംരക്ഷണവും വാഗ്ദാനം ചെയ്ത് ഇസ്രായിൽ സൈന്യം ചൊവ്വാഴ്ച ഗാസയിൽ ലഘുലേഖകൾ വിതരണം ചെയ്തിരുന്നു. അതിനിടെ, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെൽ അവീവിൽ എത്തി. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും മാക്രോൺ സന്ദർശിച്ചു. ഇരുവരെയും സന്ദർശിക്കുന്ന ആദ്യത്തെ പാശ്ചാത്യ നേതാവാണ് മാക്രോൺ. ഗാസയിൽ ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് മാക്രോൺ പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ അന്താരാഷ്ട്ര സഖ്യം ഹമാസിനെതിരെയും' പോരാടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള ദീർഘകാല സമാധാന പ്രക്രിയ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാസയ്‌ക്കെതിരായ 'ആക്രമണം' ഉടൻ അവസാനിപ്പിക്കാനും ഫലസ്തീൻ ജനതയ്ക്ക് സംരക്ഷണം നൽകാനും മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക ദുരന്തങ്ങളെ ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്നും മാക്രോൺ പറഞ്ഞു. 
ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം ആഗോള സാമ്പത്തിക വികസനത്തിന് ഗുരുതരമായ തിരിച്ചടി നൽകുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പ് നൽകി. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കവേ ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ പറഞ്ഞു.

Latest News