കേരള പോലീസ് വിടില്ല, ലോറിയിടിച്ച് മൂന്നു പേരെ കൊന്നയാള്‍ 20 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂര്‍ - 20 വര്‍ഷം മുമ്പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ ലോറി ഇടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒടുവില്‍ പ്രതി പിടിയില്‍. പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ആളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്.

പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ ഇയാള്‍ ഓടിച്ച ലോറി അപകടമുണ്ടാക്കിയിരുന്നു. ഈ അപകടത്തില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്. അപകടത്തിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തുവെങ്കിലും ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു.

കണ്ണവം പോലീസ് ആണ് കേസ് അന്വേഷിച്ചിരുന്നത്. 20 വര്‍ഷത്തോളം ഇയാള്‍ പോണ്ടിച്ചേരിയിലെയും തമിഴ്‌നാട്ടിലെയും വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. നിരവധി തവണ അറിയിപ്പ് കൊടുത്തിട്ടും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് 2009ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കണ്ണവം പോലീസിന്റെ ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവില്‍ ഇയാളുടെ ഒളി സങ്കേതത്തെക്കുറിച്ച് വിവരം ലഭിക്കുകയും പോണ്ടിച്ചേരിയില്‍ നിന്നു പിടികൂടുകയുമായിരുന്നു.

 

Latest News