തിരുവനന്തപുരം- നോട്ടുനിരോധം ഇപ്പോഴും ഒരു ദുഃസ്വപ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണക്കാരാണ് നോട്ട് നിരോധത്തിന്റെ ഫലം അനുഭവിച്ചതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കേരള റീറ്റെയില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന് എത്ര വേണമെങ്കിലും കടമെടുക്കാം അതിന് ഒരു പരിധിയുമില്ല, എന്നാല്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പരിധി വയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നോട്ട് നിരോധം വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയെന്ന് പിണറായി അഭിപ്രായപ്പെട്ടു. കള്ളപ്പണം തടയാനായാണ് നോട്ടു നിരോധനം കൊണ്ടുവന്നതെങ്കിലും അതിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. കിഫ്ബി എടുക്കുന്ന കടവും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.