ഫറോക്ക് പഴയപാലം പാരീസ് പോലെ ദീപാലംകൃതമാക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് - ചാലിയാറിന്റെ ഓളപ്പരപ്പില്‍ ആവേശത്തിന്റെ തുഴയെറിഞ്ഞ രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ്  ചാമ്പ്യന്‍ഷിപ്പില്‍ വേഗരാജാക്കന്‍മാരായി  വയല്‍ക്കര വേങ്ങാട്. എ.കെ.ജി പൊടൊത്തുരുത്തിയെ പിന്നിലാക്കിയാണ് വയല്‍ക്കര വേങ്ങാട് ജലരാജാക്കന്‍മാരായത്. ന്യൂ ബ്രദേഴ്‌സ് മയ്യിച്ചയാണ് മൂന്നാം സ്ഥാനത്ത്.
ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സി.ബി.എല്‍ രണ്ടാം സീസണില്‍  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള ഒമ്പത് ചുരുളന്‍ വള്ളങ്ങളാണ് പങ്കെടുത്തത്. ന്യൂ ബ്രദേഴ്‌സ് മയ്യിച്ച, വയല്‍ക്കര മയ്യിച്ച, എ.കെ.ജി മയ്യിച്ച, ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, റെഡ്സ്റ്റാര്‍ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകളും മത്സരത്തില്‍ മാറ്റുരച്ചു.
കോഴിക്കോട് ചാമ്പ്യന്‍സ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാര്‍ സ്ഥിരംവേദിയാകുമെന്ന് മത്സരങ്ങള്‍ ഫറോക്ക് പഴയ പാലത്തിന് സമീപം  ഉദ്ഘാടനം ചെയ്യവെ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസത്തില്‍ പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നും വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളെ  വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
2024 ന്റെ  തുടക്കത്തില്‍ പാരീസ് പോലെ ഫറോക്ക് പഴയപാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് സന്ധ്യാസമയം ചെലവഴിക്കാനായി എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ഫറോക്ക് പാലം മാറാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
നടന്‍ ആസിഫ് അലി മുഖ്യാതിഥിയായി. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍,  പി.ടി.എ റഹീം, മേയര്‍ ഡോ. ബീന ഫിലിപ്പ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, ഒ.ഡി.ഇ.പി.സി ചെയര്‍മാന്‍ അനില്‍ കുമാര്‍ എന്നിവര്‍ വിഷ്ടാതിഥികളായി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ രാധാഗോപി നന്ദിയും പറഞ്ഞു.  

 

Latest News