Sorry, you need to enable JavaScript to visit this website.

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കടുത്ത മനുഷ്യാവകാശ ലംഘനം

കോഴിക്കോട് - താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേ തീരൂ എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ്. ഞായറാഴ്ച ഉച്ചക്ക് താമരശേരി  ചുരം എട്ടാം വളവില്‍  മള്‍ട്ടി ആക്‌സില്‍ ചരക്കുലോറി കേടായി അഞ്ച് മണിക്കൂറോളം ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്കുണ്ടായ സാഹചര്യത്തിലാണ് കമ്മീഷന്‍ വീണ്ടും ഇടപെട്ടത്. കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ചരക്കു ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ അവധി ദിവസമാണ് ചരക്ക് ലോറി വഴിയില്‍ നിന്നത്.
കമ്മീഷന്‍ ഇതേ വിഷയത്തില്‍ ഇക്കൊല്ലം ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന്  ആവശ്യപ്പെട്ടു. ഇപ്പോള്‍ സംഭവിച്ചതു പോലുള്ള രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് കൂടുതലായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും ഒരു  മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും ബൈജൂനാഥ് ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം പ്രാബല്യത്തില്‍  വരുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പുല്‍പ്പള്ളിയില്‍ തെങ്ങ് ശരീരത്തില്‍ വീണ് ഗുരുതരമായി പരിക്കേറ്റ രാജന്‍ എന്നയാള്‍ താമരശേരി ചുരത്തിലെ ഗതാഗത കുരുക്കില്‍ അകപ്പെട്ട് മരിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് അവധി ദിവസങ്ങളിലും രാവിലെയും വൈകിട്ടും ചുരത്തില്‍ ചരക്കു ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഭരണകൂടമോ പോലീസ് സംവിധാനമോ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് പുതിയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചു. ചുരത്തില്‍ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കി ഗതാഗതം സുഗമമാക്കാന്‍  ഇരു ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവിമാരും കര്‍ശനമായി ഇടപെടണമെന്നും കെ.  ബൈജൂനാഥ് ആവശ്യപ്പെട്ടു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

Latest News