വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്

മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയിലെ തറയില്‍ കുഴഞ്ഞു വീണ നിലയിലാണ് പുടിനെ സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതേക്കുറിച്ചില്ല. 

ജനറല്‍ എസ്‌വിആര്‍ എന്ന ടെലിഗ്രാം ചാനലിലാണ് 71കാരനായ പുടിന്റെ ഹൃദയാഘാത വാര്‍ത്ത പുറത്തുവന്നത്. റഷ്യയുടെ മുന്‍ ലെഫ്റ്റനന്റ് ജനറലിന്റേതാണ് ഈ ടെലിഗ്രാം ചാനല്‍. പുടിന് നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന വിവരങ്ങളുണ്ടായിരുന്നു. 

കിടപ്പുമുറിയില്‍ പുടിന്‍ വീഴുന്ന ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ മുറിയില്‍ എത്തിയെന്നും നിലത്തു കിടന്ന പുടിനെ ചികിത്സിക്കാന്‍ ഉടന്‍ ഡോക്ടര്‍മാരുടെ സംഘത്തെ എത്തിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിയിലെ മേശപ്പുറത്ത് ഭക്ഷണസാധനങ്ങളും പാനീയങ്ങളും മറിഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിച്ചതോടെ അദ്ദേഹത്തിന്റെ ബോധം തിരികെ ലഭിച്ചുവെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.

Latest News