Sorry, you need to enable JavaScript to visit this website.

ലീഗ് രാഷ്ട്രീയത്തിലെ 'സമസ്ത' പ്രതിസന്ധികൾ

പി.എം.എ. സലാമിന് തെറ്റുപറ്റിയെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ തന്നെ വിളിച്ചു പറയുന്ന നാളുകൾ വിദൂരമല്ല. സമസ്തക്കെതിരായ വിമർശനങ്ങളുമായി പി.എം.എ. സലാമിന് മുന്നോട്ടു പോകാനാകില്ല. ഏത് പാർട്ടിക്കും വലുത് അതിന്റെ രാഷ്ട്രീയ അടിത്തറയാണ്. ന്യൂനപക്ഷ രാഷ്ട്രീയം തുലാസിൽ നിൽക്കുന്ന ഇക്കാലത്ത് രാഷ്ട്രീയത്തിലെ പാരമ്പര്യത്തെ കെട്ടിപ്പിടിക്കാനൊന്നും മതസംഘടനകൾ തയാറാകില്ല. കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകാതെ നോക്കാൻ തന്നെയാണ് ഏതൊരു പാർട്ടിയും ശ്രമിക്കുക.

 


തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ തിരയിളക്കങ്ങൾ പതിവാണ്. പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പിസം കൂടുതൽ രൂക്ഷമാകുന്നതും ശത്രുപക്ഷത്തു നിന്ന് ആക്രമണങ്ങൾ ശക്തമാകുന്നതും തെരഞ്ഞെടുപ്പിനോടടുത്താണ്. മലബാർ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ മുസ്‌ലിം ലീഗിനുള്ളിലും ഇപ്പോൾ അസ്വസ്ഥതകളുടെ കാലമാണ്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരെ ഉയർന്നു വരുന്ന ആക്രമണങ്ങളെ തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടു പോകാൻ മുസ്‌ലിം ലീഗ് നേതൃത്വത്തിന് കഴിയില്ല. പാർട്ടിക്കുള്ളിൽ നിന്നല്ല ആക്രമണമെങ്കിലും അത് പാർട്ടിയുടെ അടിത്തട്ടിലേക്ക് വ്യാപിക്കാൻ ഏറെ സമയമെടുക്കില്ല എന്നതിനാൽ പ്രശ്‌നപരിഹാരത്തിന് ഏറെ സമയം നേതൃത്വത്തിന്റെ കൈയിലുണ്ടാകില്ല, പ്രത്യേകിച്ചും പാർലമെന്റ് തെരഞ്ഞെടുപ്പിന് ഇനി ഏറെ സമയമില്ലെന്നിരിക്കെ.
തട്ടം വിവാദത്തിന് ശേഷം മലബാറിലെ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഉയർന്ന പ്രതിഷേധം പരോക്ഷമായെങ്കിലും മുസ്‌ലിം ലീഗിനെ ബാധിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ ഇ.കെ സുന്നി വിഭാഗം നേതാക്കൾ മുമ്പില്ലാത്ത രീതിയിൽ മുസ്‌ലിം ലീഗിനെ വിമർശിക്കുന്നത് പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയിലേക്കാണ് പുതിയ വിമർശനങ്ങൾ മാറിയിരിക്കുന്നത്. ഇതാകട്ടെ, മുസ്‌ലിം ലീഗ് നേതൃത്വത്തെ ഒന്നടങ്കം ബാധിക്കുന്നുമുണ്ട്. സമസ്തയുടെ പ്രധാന നേതാക്കളെ അവഹേളിക്കുന്ന രീതിയിൽ പി.എം.എ. സലാം പ്രസ്താവനകൾ നടത്തുന്നുവെന്ന ആരോപണമാണ് സമസ്തയിൽ നിന്ന് ഉയരുന്നത്. ഒരേസമയം സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും  നേതൃനിരയിൽ പ്രധാന കേന്ദ്രമായ പാണക്കാട് കുടുംബവും ഈ തർക്കത്തിലേക്ക് എത്തുന്നുവെന്നത് കാര്യങ്ങളെ സങ്കീർണമാക്കുന്നു.
സമസ്തയുടെ നേതാക്കളും പ്രവർത്തകരും മുസ്‌ലിം ലീഗിന്റെ ശക്തിസ്രോതസ്സാണ് എന്നതു പോലെ തന്നെ മുസ്‌ലിം ലീഗ് തങ്ങളുടെ നിയന്ത്രണ രേഖക്കുള്ളിലാകണമെന്ന് സമസ്ത നേതാക്കളും കണക്കുകൂട്ടാറുണ്ട്, പ്രത്യേകിച്ച് എ.പി സുന്നി വിഭാഗം കടുത്ത മുസ്‌ലിം ലീഗ് വിരോധമുള്ളവരാണ് എന്നതിനാൽ. ഇ.കെ വിഭാഗത്തിന്റെ ആവശ്യങ്ങളെയും നിർദേശങ്ങളെയും മുസ്‌ലിം ലീഗ് ഉൾക്കൊണ്ട് പോരുന്നതും ഈ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ്.
മുസ്‌ലിം ലീഗിൽ സുന്നി, മുജാഹിദ് വിഭാഗങ്ങൾ തമ്മിലുള്ള വടംവലി പുതിയ കാര്യമല്ല. പാർട്ടി നേതൃത്വം നിയന്ത്രണത്തിലാക്കാൻ ഇരുവിഭാഗങ്ങളും എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. മുജാഹിദ് അനുഭാവമുള്ള ഒട്ടേറെ നേതാക്കൾ പല കാലങ്ങളിലായി പാർട്ടിയുടെ അമരത്തുണ്ടായിട്ടുണ്ട്. ഇന്നും അത് തുടരുകയും ചെയ്യുന്നു. ഇപ്പോൾ മുസ്‌ലിം ലീഗിനെതിരെ സമസ്ത ഉയർത്തിയിട്ടുള്ള ആക്ഷേപങ്ങളുടെ പിന്നിലും ഈ തർക്കം ഒളിഞ്ഞിരിപ്പുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പു കാലത്തെ സീറ്റ് ധാരണകളുടെ തുടർച്ചയായാണ് പി.എം.എ. സലാം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്നത്. താൽക്കാലികമായാണ് ആദ്യം ചുമതല നൽകിയിരുന്നത്. നേരത്തെ ഐ.എൻ.എല്ലിന്റെ നേതാവായിരുന്ന പി.എം.എ. സലാം മുസ്‌ലിം ലീഗിനെതിരെ നടത്തിയിരുന്ന വിമർശനങ്ങളെല്ലാം മറന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം പാർട്ടിയുടെ പ്രധാന പദവി അദ്ദേഹത്തിന് നൽകിയത്. ഇതിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയുമുണ്ടായിരുന്നു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന് തിരൂരങ്ങാടി നിയമസഭ സീറ്റ് നൽകിയതും ജനറൽ സെക്രട്ടറി സ്ഥാനം പി.എം.എ. സലാമിന് നൽകിയതുമെല്ലാം കൂട്ടിവായിക്കപ്പെട്ട സംഭവങ്ങളാണ്. സലാമിന്റെ നിയമനത്തിൽ മുജാഹിദ് ഫാക്ടർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് സുന്നി വിഭാഗത്തിനിടയിൽ വിമർശനമുണ്ട്. ഈ വിമർശനങ്ങൾ പുറത്ത് വരാതിരുന്നതോടെയാണ് സലാമിന്റെ പദവി മുസ്‌ലിം ലീഗ് സ്ഥിരപ്പെടുത്തിയത്. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സലാമിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നത് മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കുന്നതാണ്.
പതിറ്റാണ്ടുകളായി മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് പദവി വഹിക്കുന്ന പാണക്കാട് കുടുംബവും സമസ്തയും തമ്മിലുള്ള അടുത്ത ബന്ധത്തിൽ പോലും വിള്ളലുണ്ടാക്കുന്ന രീതിയിലാണ് സലാം വിവാദം വളരുന്നത്. ഇതിനെ പ്രതിരോധിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ രംഗത്ത് വന്നെങ്കിലും എരിഞ്ഞു തീരാത്ത പ്രശ്‌നമായി അത് അന്തരീക്ഷത്തിലുണ്ട്.
പാർലമെന്റിലേക്ക് മുസ്‌ലിം ലീഗിനുള്ള മലപ്പുറത്തെ രണ്ട് സീറ്റുകളിൽ വിജയം പണ്ടത്തെ പോലെ അത്ര എളുപ്പമല്ല, പ്രത്യേകിച്ച് പൊന്നാനി സീറ്റ്. നിയമസഭ തെരഞ്ഞടുപ്പിൽ പൊന്നാനി മേഖലയിലെ മണ്ഡലങ്ങളിൽ  ഇടതുമുന്നണി നടത്തിയ മുന്നേറ്റം വലുതാണ്. ഇടതുപക്ഷം അരയും തലയും മുറുക്കി ഇറങ്ങിയാൽ പൊന്നാനിയിൽ മുസ്‌ലിം ലീഗ് വിയർക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിൽ സമസ്തയെ പോലെയുള്ള ലീഗിന്റെ വോട്ട് ബാങ്ക് കൂടി പിണങ്ങിയാൽ ഉണ്ടാകുന്ന സാഹചര്യം ലീഗിന് ആശങ്കയുണ്ടാക്കുന്നതാണ്. കെ.ടി. ജലീൽ എം.എൽ.എ ഉൾപ്പെടെയുള്ള കടുത്ത മുസ്‌ലിം ലീഗ് വിരുദ്ധ കേന്ദ്രങ്ങൾ ഇക്കാര്യത്തിൽ ഇടതുമുന്നണിക്ക് കൂടുതൽ സഹായമകുകയും ചെയ്യുന്നുണ്ട്. സമസ്തയിലെ ഒരു വിഭാഗം നേതാക്കളുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീലിന് ലീഗ്-സമസ്ത തർക്കത്തിൽ എണ്ണയൊഴിക്കാൻ എളുപ്പവുമാണ്.
ഇലക്കും മുള്ളിനും കേടില്ലാതെ ഈ പ്രശ്‌നത്തെ പരിഹരിക്കാനാകും മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ശ്രമം. എന്നാൽ പാർട്ടിക്കുള്ളിലെ സമവാക്യങ്ങളെ അത്ര പെട്ടെന്ന് പൊളിച്ചെഴുതാനാകില്ല. സമസ്തയുടെ നിർദേശങ്ങളെയും ആവശ്യങ്ങളെയും തള്ളി മുസ്‌ലിം ലീഗിന് മുന്നോട്ടു പോകാനാകില്ല. അക്കാര്യം പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ.് പി.എം.എ. സലാമിന് തെറ്റുപറ്റിയെന്ന് മുസലിം ലീഗ് നേതാക്കൾ തന്നെ വിളിച്ചു പറയുന്ന നാളുകൾ വിദൂരമല്ല. സമസ്തക്കെതിരായ വിമർശനങ്ങളുമായി പി.എം.എ. സലാമിന് മുന്നോട്ടു പോകാനാകില്ല. ഏത് പാർട്ടിക്കും വലുത് അതിന്റെ രാഷ്ട്രീയ അടിത്തറയാണ്. ന്യൂനപക്ഷ രാഷ്ട്രീയം തുലാസിൽ നിൽക്കുന്ന ഇക്കാലത്ത് രാഷ്ട്രീയത്തിലെ പാരമ്പര്യത്തെ കെട്ടിപ്പിടിക്കാനൊന്നും മതസംഘടനകൾ തയാറാകില്ല. കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോകാതെ നോക്കാൻ തന്നെയാണ് ഏതൊരു പാർട്ടിയും ശ്രമിക്കുക.

 

Latest News