ടെൽഅവീവ്- ബന്ദികളായി പിടിച്ച തങ്ങളോട് ഹമാസ് പോരാളികൾ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിത യോഷേവെദ് ലിഫ്ഷിറ്റ്‌സ്. പിടിയിലുള്ള ബന്ദികളെ ഇനിയും ഒരുപാട് നാൾ ഒളിപ്പിക്കാൻ ഹമാസിന് പദ്ധതിയുണ്ടെന്നുമാണ് കരുതുന്നതെന്നും ലിഫ്ഷിറ്റ്‌സ് പറഞ്ഞു. ഓരോ ബന്ദികളെ നോക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും അവരാണ് നോക്കിയത്. എല്ലാറ്റിനെ കുറിച്ചും അവർ ഞങ്ങളോട് സംസാരിച്ചു. ഏറെ സൗഹൃദപൂർവ്വമായിരുന്നു അവരുടെ പെരുമാറ്റം. അവർ ഞങ്ങൾക്ക് ബ്രഡും വെണ്ണയും തന്നു. കൊഴുപ്പു കുറഞ്ഞ പാൽക്കട്ടിയും കക്കിരിയുമായിരുന്നു അവർ ഞങ്ങൾക്ക് തന്നത്. ഞങ്ങളെ ടണലിലേക്കാണ് അവർ കൊണ്ടുപോയത്. നനഞ്ഞ ചെളിയിൽ കിലോമീറ്ററുകൾ നടന്നുപോയി. ചിലന്തിവല പോലെ പടർന്നു കിടക്കുന്ന വലിയ ടണൽ സംവിധാനം അവിടെയുണ്ട്. അവിടെയെത്തിയ വേളയിൽ, തങ്ങൾ ഖുർആനിൽ വിശ്വസിക്കുന്നവരാണ് എന്നും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ടണലിൽ തങ്ങളുടെ അതേ അവസ്ഥയിൽ, അവരിൽ ഒരാളായി ജീവിക്കാമെന്നും അവർ പറഞ്ഞു. ആവശ്യമുള്ളവർക്ക് അവർ ഡോക്ടർമാരെ എത്തിച്ചിരുന്നു. കിടക്കയിലാണ് ഞങ്ങൾ കിടന്നത്. എല്ലാം വൃത്തിയുള്ളതാണെന്ന് അവർ ഉറപ്പാക്കിയിരുന്നു. മോട്ടോർ സൈക്കിളിലിരുത്തി കാട്ടിലൂടെയാണ് എന്നെ കൊണ്ടുപോയത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 2.5 ബില്യൺ ചെലവിട്ട് നിർമിച്ച ഇലക്ട്രിക് വേലി ഒക്കെ പൊട്ടിച്ചാണ് ഞങ്ങളെ കൊണ്ടുപോയത്. ആൾക്കൂട്ടം വീടുകൾ കൊള്ളയടിച്ചിരുന്നു. ചിലരെ മർദിച്ചു. ചിലരെ ബന്ദികളാക്കി. അത് വളരെ വേദനാജനകമായിരുന്നു. അങ്ങനെയാണ് ടണലിന് മുമ്പിലെത്തിയതെന്നും ലിഫ്ഷിറ്റ്‌സ് പറഞ്ഞു.