(നെടുങ്കണ്ടം) ഇടുക്കി - ശക്തമായ മഴയെ തുടർന്ന് ഇടുക്കി നെടുങ്കണ്ടം പച്ചടിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരേക്കറോളം കൃഷിയിടം ഒലിച്ചുപോയി. പച്ചടി സ്വദേശി ചൊവ്വേലിൽ കുടിയിൽ വിനോദിന്റെ കുരുമുളക് കൃഷിയിടം അടക്കമുള്ള പ്രദേശങ്ങളാണ്
ഒലിച്ചുപോയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ആളപായമില്ല. പ്രളയ കാലത്ത് റെഡ് സോൺ ആയി കണ്ടെത്തിയ മേഖലയാണ് പച്ചടി മേഖല. സമീപത്തെ വീടുകൾക്കും റോഡിനും ഭീഷണിയായി മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതായാണ് വിവരം.
റവന്യൂ അധികൃതർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉരുൾപൊട്ടിയ മേഖലയിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്കിയിട്ടുണ്ട്. ഇടുക്കി ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിനാണ് നിർദ്ദേശം നൽകിയത്. ജില്ലാ ഭരണകൂടം ഉടുമ്പൻഞ്ചോല താലൂക്ക് അധികൃതരിൽനിന്ന് റിപോർട്ട് തേടിയിട്ടുണ്ട്. 25-ഓളം കുടുംബങ്ങളാണ് മേഖലയിലെ ചെങ്കുത്തായ മലഞ്ചെരുവിൽ താമസിക്കുന്നത്. കൃഷിയിടത്തിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.