Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ വോട്ട് പിടിക്കാന്‍ ബി ജെ പി നേതാക്കള്‍ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

ഭോപ്പാല്‍ - മധ്യപ്രദേശില്‍ വോട്ട് പിടിക്കാന്‍ ബി ജെ പി നേതാക്കള്‍ പാരിതോഷികമായി പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. വോട്ട് പിടിക്കാന്‍   ബി ജെ പിയുടെ മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിയും പണം വാഗ്ദാനം ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്ത് വിട്ടിട്ടുള്ളത്.  റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്പുത്തിനും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗിയക്കുമെതിരെയാണ് ആരോപണം. ബി ജെ പിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്ന ബൂത്തിന്റെ ഇന്‍ചാര്‍ജിന് 25 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രിയും, കോണ്‍ഗ്രസിന് ഒറ്റ വോട്ട് പോലും കിട്ടാത്ത ബൂത്തില്‍ ചുമതലക്കാരന് അന്‍പത്തിയൊന്നായിരം രൂപ നല്‍കുമെന്ന് കൈലാഷ് വിജയവര്‍ഗിയയും പറയുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. മധ്യപ്രദേശില്‍  പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നിട്ടും ബി ജെ പി നേതാക്കള്‍ തുടര്‍ച്ചയായി ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു. ബി ജെ പി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മന്ത്രിക്ക് അറിയാം. അതിനാല്‍ പണം കൊടുത്ത് ഏതുവിധേനെയും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ്  ബി ജെ പി നേതാക്കള്‍ ശ്രമിക്കുന്നത്. അതിനായി അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

 

Latest News