Sorry, you need to enable JavaScript to visit this website.

ലോകത്ത് കൃത്യനിഷ്ഠയിൽ നമ്പർ വൺ ബംഗളൂരു കെംപഗൗഡ വിമാനത്താവളം

ഇന്ത്യയിലെ  പ്രധാന വിമാനത്താവളമായ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും മികച്ച സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബംഗളൂരു വിമാനത്താവളം തെരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. 
ഹൈദരാബാദിലെ രാജീവ് ഗാന്ധി എയർപോർട്ടും പട്ടികയിൽ മുൻപന്തിയിലുണ്ട്. അമേരിക്കയിലെ സാൾട്ട് ലേക്ക്, മിനിയാപോളിസ് സെന്റ് പോൾ എയർപോർട്ടുകളും കൊളംബിയയിലെ എൽഡോറാഡോ എന്നിവയും മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാനത്താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ് ഇതെന്നാണ് വിലയിരുത്തൽ. ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ സിറിയം പ്രസിദ്ധീകരിച്ച 'ഓൺ-ടൈം പെർഫോമൻസ് പ്രതിമാസ റിപ്പോർട്ടിൽ' കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബംഗളൂരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) സ്ഥാനം പിടിച്ചിട്ടുണ്ട്.
 റിപ്പോർട്ട് അനുസരിച്ച്, ഓൺ-ടൈം ഡിപ്പാർച്ചർ റാങ്കിംഗ്, ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ പുറപ്പെട്ട ഫ്‌ളൈറ്റുകളുടെ ശതമാനം അളക്കുന്നു. യുഎസ്എയിലെ സാൾട്ട് ലേക്ക് സിറ്റി ഇന്റർനാഷണൽ എയർപോർട്ട് (87.04 ശതമാനം), ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (86.48 ശതമാനം) എന്നിവയേക്കാൾ മുന്നിലാണ് ബംഗളൂരു വിമാനത്താവളം. 
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്തവളമാണ് കെംപഗൗഡ വിമാനത്താവളം. 35 എയർലൈൻ കമ്പനികളുടെ 88 സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് വിമാനത്താവളത്തിൽ. 2022-23 കാലത്ത് മൂന്ന് കോടിക്ക് മുകളിലാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇത്ര തിരക്കുള്ള വിമാനത്താവളം കൃത്യനിഷ്ഠ പാലിക്കുന്നത് അഭിമാനകരമാണെന്നും പഠനം വ്യക്തമാക്കി.

Latest News