Sorry, you need to enable JavaScript to visit this website.

യുവദമ്പതികൾ കൊല്ലപ്പെട്ടിട്ട്  ഒരു മാസം; പ്രതികളെ കണ്ടെത്താനാവാതെ പോലീസ്

ഉമ്മർ, ഫാത്തിമ. 
  • കൃത്യം നടത്തിയത് മോഷണത്തിനുവേണ്ടിയെന്ന നിഗമനത്തിൽ  പോലീസ്

മാനന്തവാടി- വെള്ളമുണ്ട കണ്ടത്തുവയലിൽ യുവദമ്പതികൾ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴും പ്രതികളെ നിയമത്തിനു മുന്നിൽ നിർത്താനാകാതെ പോലീസ്. കണ്ടത്തുവയൽ പുരിഞ്ഞിയിൽ വാഴയിൽ ഉമർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടേറ്റുമരിച്ചനിലയിൽ ജൂലൈ ആറിനു രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ കണ്ടെത്തിയത്. വീടുമായി എപ്പോഴെങ്കിലും ബന്ധപ്പെട്ടിട്ടുള്ള ആളോ ആളുകളോ ആണ് കൊലപാതകങ്ങൾക്കു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. മാനന്തവാടി ഡിെൈവ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ രൂപീകരിച്ച 30 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണത്തിനിടെയാണ് കൊലപാതകങ്ങൾ നടന്നതെന്നും പോലീസ് കരുതുന്നു. 
ഫാത്തിമയുടെ മൊബൈൽ ഫോണും എട്ടു പവന്റെ ആഭരണങ്ങളും വീട്ടിൽനിന്നു നഷ്ടപ്പെട്ടിരുന്നു. ഇവ കണ്ടെത്തുന്നതിനു പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുമ്പുവടി, ഖനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് അടിച്ചതുമൂലം  തലയിലുണ്ടായ  ക്ഷതമാണ് ഇരുവരുടെയും മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രദേശത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളം, സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, കൃത്യം നടന്ന വീടിനോടു ചേർന്നുള്ള കുളിമുറിയിൽനിന്നുംമറ്റും ലഭിച്ച കാലടയാളങ്ങൾ  എന്നിവ ഉപയോഗപ്പെടുത്തി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രത്യേകഫലം ഉണ്ടായില്ല. 
കൊല്ലപ്പെട്ടവരുടെ കുടുംബ-സാമൂഹിക ജീവിത പശ്ചാത്തലവും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന പണവും മറ്റാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. ഇതു കേസ് അന്വേഷണം വഴിതെറ്റിക്കുന്നതിനാണെന്നും പോലീസ് കരുതുന്നു. കാര്യമായ തെളിവുകൾ  അവശേഷിപ്പിക്കാതെ നടത്തിയ കൃത്യമായതിനാൽ  പ്രൊഫഷണൽ ക്രിമിനൽ സംഘങ്ങളിലേക്കും അന്വേഷണം നീളുന്നുണ്ട്. ചില രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും കേസ് ക്രൈംബ്രാഞ്ചിനു കൈമാറാനിടയില്ലെന്നാണ് സൂചന. 

 

Latest News