Sorry, you need to enable JavaScript to visit this website.

ചുഴലിക്കാറ്റുകളായ തേജും ഹമൂണും ഒരുമിച്ച് വരുന്നു, ഇനി എന്ത് സംഭവിക്കും?

ന്യൂദല്‍ഹി - ചുഴലിക്കാറ്റുകളായ ' തേജും '  'ഹമൂണും ' ഒരുമിച്ച് രൂപപ്പെടുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 
അറബിക്കടലില്‍ 'തേജ്' ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ 'ഹമൂണ്‍' ചുഴലിക്കാറ്റുമാണ് ഒരുമിച്ച് രൂപപ്പെടുന്നത്. ഇത്തരത്തില്‍ ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകള്‍ ഒരുമിച്ച് രൂപം കൊള്ളുന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. 5 വര്‍ഷം മുന്‍പ് 2018 ലാണ് അവസാനമായി രാജ്യത്ത് ഇങ്ങനെയൊരു സംഭവമുണ്ടായത്. നിലവില്‍ തേജ്' ചുഴലിക്കാറ്റ് യെമന്‍-ഒമാന്‍ തീരങ്ങളോട് അടുക്കുകയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹമൂണ്‍ എന്ന പേര് ഈ ചുഴലിക്കാറ്റിന് നിര്‍ദേശിച്ചത് ഇറാന്‍ ആണ്. ഞായറാഴ്ച രാത്രി വടക്കുകിഴക്ക് ദിശയിലേക്ക് ഗതിമാറിയ ഹമൂണ്‍ നിലവില്‍ പടിഞ്ഞാറന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച വൈകുന്നേരം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ശക്തമായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ന്യൂനമര്‍ദം മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിട്ടുണ്ട്. അതേ സമയം ഇനി വരുന്ന 12 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് 12 മണിയോടെ ഹമൂണ്‍ ബംഗ്ലാദേശ് തീരത്തേക്ക് അടുക്കും. ബംഗാളിലും, ത്രിപുരയിലും ആസാമിലും ഒഡീഷയിലും, മേഘാലയിലുമെല്ലാം ഇത് കനത്ത് മഴയ്ക്ക് കാരണമാകും.

 

 

Latest News