Sorry, you need to enable JavaScript to visit this website.

'പോസ്റ്ററുകൾ ഒട്ടിച്ച് ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല'; പോസ്റ്റർ പ്രചാരണത്തിൽ അഖിലേഷ് യാദവ്

ലഖ്‌നൗ - പോസ്റ്ററുകൾ ഒട്ടിച്ച് ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ലെന്ന് സമാജ് വാദി പാർട്ടി നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. സമാജ് വാദി പാർട്ടിയുടെ ലക്ഷ്യം ബി.ജെ.പിയെ തടയുക എന്നതാണെന്നും ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ചുളള പോസ്റ്ററിനെ കുറിച്ച ചോദ്യത്തോടായി അദ്ദേഹം പ്രതികരിച്ചു.
 'പോസ്റ്ററുകൾ ഒട്ടിച്ച് ആരും പ്രധാനമന്ത്രിയാകാൻ പോകുന്നില്ല. ഏതെങ്കിലുമൊരു അനുഭാവി പോസ്റ്റർ ഒട്ടിച്ചെങ്കിൽ, അതവരുടെ വ്യക്തിപരമായ ആഗ്രഹമായിരിക്കുമെന്നും' അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
 അഖിലേഷ് യാദവിനെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിച്ച് ലഖ്‌നൗവിലെ പാർട്ടി ഓഫീസിന് മുമ്പിൽ തിങ്കളാഴ്ച പോസ്റ്റർ ഉയർന്നിരുന്നു. പാർട്ടി വക്താവായ ഫഖ്‌റുൽ ഹസൻ ആയിരുന്നു ഈ പോസ്റ്ററിന് പിന്നിൽ. 
 നവംബർ 14ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും തമ്മിലുളള സീറ്റ് തർക്കം വഷളായ സാഹചര്യത്തിലായിരുന്നു അഖിലേഷിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയുളള പോസ്റ്റർ ഉയർന്നത്. സീറ്റ് തർക്കം രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിനെ വിമർശിച്ച് അഖിലേഷ് യാദവ് തന്നെയും രംഗത്തുവന്നിരുന്നു. 'ഇൻഡ്യ' സഖ്യം എന്നതിനു പകരം 'പിഡിഎ' എന്നെഴുതി അഖിലേഷ് യാദവ് എക്‌സിൽ കുറിച്ച പോസ്റ്റ് രാഷ്ട്രീയവൃത്തങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പാർട്ടി പ്രവർത്തകന്റെ മുതുകിൽ ചുവപ്പും പച്ചയും നിറമടിച്ച് 'പിഡിഎ' വിജയമൊരുക്കും എന്നെഴുതിയ ചിത്രമാണ് അഖിലേഷ് പങ്കുവച്ചത്. പിച്ചഡെ (പിന്നാക്ക), ദലിത്, അല്പശങ്ക്യാസ് (ന്യൂനപക്ഷം) എന്നതിന്റെ ചുരുക്കെഴുത്താണ് പിഡിഎ. 
 ഇന്ത്യ മുന്നണിക്കു പകരം അഖിലേഷ് പിഡിഎ എന്നെഴുതിയത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടായതിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അനുകൂല പ്രൊഫൈലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാർട്ടി വക്താവിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചുള്ള പോസ്റ്റർ പ്രചാരണം. ഇതോടാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്.

Latest News