വിമാനം പറക്കുന്നതിനിടെ എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റിനെതിരെ കേസ്

വാഷിംഗ്ടൺ- വിമാനം പറക്കുന്നതിനിടെ എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ച പൈലറ്റിനെതിരെ വധശ്രമത്തിന് കേസെടുത്തു. അമേരിക്കൻ വാണിജ്യ വിമാനത്തിന്റെ ഓഫ് ഡ്യൂട്ടി പൈലറ്റാണ് എൻജിൻ ഓഫ് ചെയ്യാൻ ശ്രമിച്ചത്. യു.എസ് വാണിജ്യ വിമാനമായ ഹൊറൈസൺ എയർ എംബ്രയർ ഇ175 വിമാനത്തിലാണ് സംഭവം.  വാഷിംഗ്ടണിലെ എവററ്റിൽ നിന്ന് സാൻ ഫ്രാൻസിസ്‌കോയിലേക്ക് പറക്കുകയായിരുന്നു വിമാനമെന്ന് ഹൊറൈസണിന്റെ മാതൃ കമ്പനിയായ അലാസ്‌ക എയർലൈൻസ് പ്രസ്താവനയിൽ പറഞ്ഞു.

80 യാത്രക്കാരുമായി പോയ വിമാനം ഒറിഗോണിലെ പോർട്ട്‌ലാൻഡിലേക്ക് തിരിച്ചുവിട്ടു. അവിടെ സുരക്ഷിതമായി ലാൻഡ് ചെയ്തു.

'ഫളൈറ്റ് ഡെക്ക് ജമ്പ് സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റാണ് വിമാനത്തിന്റെ എൻജിൻ ഓഫാക്കാൻ ശ്രമിച്ചത്. സുരക്ഷാ ഭീഷണി' ഹൊറൈസൺ എയർ പൈലറ്റുമാർ റിപ്പോർട്ട് ചെയ്തതായി അലാസ്‌ക എയർലൈൻസ് പറഞ്ഞു.

'ജമ്പ് സീറ്റിൽ ഇരിക്കുന്നയാൾ എഞ്ചിനുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നും ഹൊറൈസൺ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസറും പ്രതികരിച്ചു. എഞ്ചിൻ പവർ നഷ്ടപ്പെടാത്തതാണ് അപകടം ഒഴിവാക്കിയത്. 44 കാരനായ ജോസഫ് എമേഴ്‌സണിനെതിരെ പോർട്ട്‌ലാൻഡിലെ മൾട്ട്‌നോമ കൗണ്ടി പോലീസ് കേസെടുത്തു.
 

Latest News