ജിദ്ദ- മക്കരപ്പറമ്പിന്റെയും ചുറ്റു ദേശങ്ങളുടെയും ഒരു നൂറ്റാണ്ടിന്റെ സമഗ്ര ചരിത്രം പറയുന്ന 'വടക്കാങ്ങര അംശം ദേശം' ചരിത്ര പുസ്‌കത്തിന്റെ പ്രകാശന കർമം ജിദ്ദയിൽ നടന്നു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹബീബ് കല്ലൻ, ജിദ്ദ മക്കരപ്പറമ്പ് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് അറക്കൽ കുഞ്ഞിമുഹമ്മദിന് കോപ്പി നൽകി പ്രകാശനം നിർവഹിച്ചു. ഗ്രാമങ്ങളിലാദ്യമുണ്ടായിരുന്ന നാട്ടുപാതകൾ, കൃഷി രീതികൾ, കൃഷി ആയുധങ്ങൾ, കുലത്തൊഴിലുകാർ, കുന്നുകളും മലകളും, കുന്നുകളിൽ കണ്ട് വന്നിരുന്ന ചോലകൾ, നീർകുഴികൾ, കുളങ്ങൾ, അരുവികൾ, തോടുകൾ, പുരാതന ഭവനങ്ങളും അവയുടെ നിർമാണ വൈദഗ്ദ്യങ്ങളും, ഓത്തുപള്ളികൾ, പള്ളിക്കൂടങ്ങൾ, ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പഴയ കാല കൂട്ടുകുടുംബ ജീവിതം, കൂട്ടായ സംരംഭങ്ങൾ തുടങ്ങി അന്യം നിന്ന് പോയ സംസ്‌കാരങ്ങളടക്കം പഴയ കാല ഗ്രാമീണ ഭാഷാപ്രയോഗത്തിലൂടെ 100 വർഷത്തെ കഥ പറയുന്ന പുസ്തകം 360 പേജിലാണ് ഒരുക്കിയിട്ടുള്ളത്.
ജിദ്ദ മങ്കട മണ്ഡലം കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് സമദ് മൂർക്കനാട്, സെക്രട്ടറി ഇ.സി. അഷ്‌റഫ്, എക്‌സിക്യൂട്ടീവ് അംഗം ഗദ്ദാഫി, മക്കരപറമ്പ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡന്റ് മൂത്തോടൻ ഹസൻ, കുറുവ കെ.എം.സി.സി സെക്രട്ടറി മുജീബ് പാങ്ങ്, ഗ്രന്ഥകാരൻ അബ്ദുറഹ്മാൻ കുറ്റിക്കാട്ടിൽ, മക്കരപ്പറമ്പ് പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറി നൗഷാദ് വെങ്കിട്ട, ട്രഷറർ ഹൈദർ അലി മാരാത്ത്, പഞ്ചായത്ത് എക്‌സിക്യുട്ടീവ് അംഗങ്ങളായ സലാഹുദ്ദീൻ തങ്കയത്തിൽ, കരീം വാരിയത്ത്, റഹൂഫ് തങ്കയത്തിൽ, ജാഫർ ഫൈസി, ലത്തീഫ് അമ്പലകുത്ത്, ടി.ടി. അഷ്‌റഫ്, അഫ്‌സൽ നാറാണത്ത് എന്നിവർ സന്നിഹിതരായിരുന്നു.