Sorry, you need to enable JavaScript to visit this website.

VIDEO പൂജാരിക്കുമുമ്പില്‍ കൈകൂപ്പി സ്വന്തം ചെയറില്‍ ഇരുത്തി ഐ.എ.എസ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

ന്യൂദല്‍ഹി- ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ക്ഷേത്ര പൂജാരിക്കുമുന്നില്‍ കൈ കൂപ്പി നില്‍ക്കുന്നതും ഇരിക്കാന്‍ തന്റെ കസേര വിട്ടു നല്‍കിയതും വിവാദമായി.
സൗത്ത് വെസ്റ്റ് ദല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥനും ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമായ ലക്ഷയ് സിംഗാള്‍ തന്റെ ഓഫീസിലെ ഒരു പുരോഹിതന് കസേര നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പുരോഹിതന് തന്റെ ഔദ്യോഗിക കസേര നല്‍കുന്നതിന് മുമ്പ് സിംഗാള്‍ കൂപ്പുകൈകളോടെ പൂജാരിയെ സ്വീകരിക്കുന്നതു വീഡിയോയില്‍ കാണാം.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സിംഗാളില്‍ നിന്ന് സംഭവത്തിന്റെ വിശദാംശങ്ങള്‍ തേടിയതായും ദല്‍ഹി സര്‍ക്കാരിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
സിംഗാള്‍ പുരോഹിതനെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതും കൂപ്പുകൈകളോടെ ഷാള്‍ നല്‍കുന്നതും കാണാം. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക കസേരയില്‍ ഇരുത്തുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ നടപടികളുടെ ഔചിത്യത്തെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
പുരോഹിതന് തന്റെ ജീവിതത്തില്‍ പ്രത്യേക സ്ഥാനം ഉണ്ടെന്നും മുത്തച്ഛനു സമാനമാണ് തന്റെ ആദരവെന്നും സിംഗാള്‍ ന്യായീകരിച്ചു.  ജില്ലാ മജിസ്‌ട്രേറ്റിനെതിരെ  ഔദ്യോഗിക നടപടിയൊന്നും ഉണ്ടായിട്ടില്ല.
അരുണാചല്‍ പ്രദേശ്, ഗോവ-മിസോറാം, യൂണിയന്‍ ടെറിട്ടറി  കേഡറിലെ 2019 ബാച്ചില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ലക്ഷയ് സിംഗാള്‍.
വിഡിയോയിലെ ഇദ്ദേഹത്തിന്റെ അസാധാരണമായ രീതി ഔദ്യോഗിക മണ്ഡലത്തിലെ പ്രൊഫഷണല്‍ പെരുമാറ്റവും വ്യക്തിബന്ധങ്ങളും തമ്മിലുള്ള അതിരുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കയാണ്.

 

Latest News