കെ.ടി.സൂപ്പിയുടെ പ്രണയ മഴ പെയ്തതിനു ശേഷം പുതിയൊരു കൂട്ടായ്മ, അക്ഷരോദ്യാനം

കോഴിക്കോട്- കെ.ടി.സൂപ്പിയുടെ കവിതാസമാഹാരമായ 'കടലായും മഴയായും' പ്രകാശനം ചെയ്തതിനു പിന്നാലെ അക്ഷരോദ്യാനമെന്ന പേരില്‍ പുതിയൊരു വാട്‌സ്ആപ്പ് കൂട്ടായ്മ നിലവില്‍വന്നു. പ്രകാശനത്തിനു മുമ്പുതന്നെ ഈ  കവിതാസമാഹരം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഒത്തുചേര്‍ന്ന് വലിയ ചര്‍ച്ചയാക്കി മാറ്റിയിരുന്നു. കോഴിക്കോട് അളകാപുരിയില്‍വെച്ച് പ്രകാശനം ചെയ്യുന്നതിനു മുമ്പുതന്നെ ഈ ചര്‍ച്ച കാരണം ധാരാളം  പേരുടെ കൈകളില്‍ പുസ്തകം എത്തിച്ചേര്‍ന്നു.
വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പഴയ പരിചയം പുതുക്കിയവരും അല്ലാത്തവരുമായ സഹൃദയാരാണ് മനുഷ്യരെ ധ്രുവീകരിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഇക്കാലത്ത് ഈ കൂട്ടായ്മ തുടര്‍ന്നും മുന്നോട്ടു പോകണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. പ്രകാശന ചടങ്ങിലെ പ്രമുഖരുടെ സംസാരവും ഇതിന് അടിവരയിട്ടു.
ഗുരു നിത്യയുടെ ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്തിനു നല്‍കിയാണ് കെ.ഇ.എന്‍ പ്രകാശനം നിര്‍വഹിച്ചത്. കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. ദേവേശന്‍ പേരൂര്‍ പുസ്തകം പരിചയപ്പെടുത്തി. റഫീഖ് നൊച്ചാട് സ്വാഗതം പറഞ്ഞു.
കവിത ഏതെങ്കിലും കാലത്ത് സ്തംഭിക്കാതെ കാലത്തെ സ്പര്‍ശിച്ചു കൊണ്ട് ഒഴുകുകയാണെന്ന് കെ.ഇ.എന്‍. അഭിപ്രായപ്പെട്ടു. കെ.ടി. സൂപ്പിയുടെ 'കടലായും മഴയായും' എന്ന പുസ്തകം ആളുകള്‍ ഏറ്റെടുത്തതിന്റെ തെളിവാണ് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് രണ്ടാം പതിപ്പിലെത്തി എന്നത്. ഞാന്‍ ഫലസ്തീനാണ്, നിങ്ങള്‍ ഫലസ്തീനാണ്, നമ്മള്‍ ഫലസ്തീനാണ് എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഒരു പുസ്തക പ്രകാശനവേദിയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നുവെന്നും കെ. ഇ. എന്‍. പറഞ്ഞു.
മലയാള സാഹിത്യത്തില്‍ പ്രണയകവിതകളുടെ അലയടികള്‍ തിരിച്ചുവന്നിരിക്കുകയാണെന്ന് ദേവേശന്‍ പേരൂര്‍ അഭിപ്രായപ്പെട്ടു. ഷാഹിന കെ. റഫീഖ്, മുഹമ്മദ് പേരാമ്പ്ര, ജോളി ചിറയത്ത്, ഷബിത, ആര്യ ഗോപി , ഇസ്മയില്‍ മരുതേരി, പ്രദീപ് രാമനാട്ടുകര, ഖാലിദ് ബേക്കര്‍, കെ.വി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

 

 

Latest News