Sorry, you need to enable JavaScript to visit this website.

ഡൽഹിയിൽ ഏഴംഗ വിസാ തട്ടിപ്പുസംഘം പിടിയിൽ; ഇരകളിൽ ഏറെയും മലയാളികളെന്ന് പോലീസ്

ന്യൂഡൽഹി - രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് വിസാ തട്ടിപ്പു നടത്തിയ ഏഴംഗ സംഘം പിടിയിൽ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച പരാതികളെ തുടർന്ന് ഡൽഹി പോലീസിന്റെ സൈബർ സെല്ലും ക്രൈംബ്രാഞ്ചും ചേർന്ന് നടത്തിയ റെയ്ഡിലാണ് തട്ടിപ്പു സംഘം പിടിയിലായത്. 
 ആയിരത്തിലധികം പരാതികളാണ് തട്ടിപ്പു സംഘത്തിനെതിരെ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിനിരയായവരിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണെന്നും കോടിക്കണക്കിന് രൂപ തട്ടിപ്പുകാർ കൈക്കലാക്കിയതായും പോലീസ് പറഞ്ഞു.
 ദുബൈയിലെ വിവിധ സ്വകാര്യ കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു വിസാ തട്ടിപ്പ്. ഇങ്ങനെ ഒരാളിൽ നിന്ന് അറുപതിനായിരം മുതൽ മുകളിലോട്ടാണ് സംഘം കൈക്കലാക്കിയത്. ബിഹാറിൽ നിന്നുള്ള എൻജിനീയറായ ഇനാമുൾ ഹഖ് എന്നയാളാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലെ സാക്കിർ നഗറിലാണ് ഇയാളുടെ താമസം. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇയാൾ തട്ടിപ്പ് തുടരുകയാണെന്നും പ്രതിയുടെ ഓഫീസിൽ നിന്ന് സുപ്രധാന രേഖകൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ആർക്കും സംശയം വരാതിരിക്കാൻ വിവിധയിടങ്ങളിൽ സാധാരണ പോലെ ഓഫീസുകൾ തുടങ്ങി നാമമാത്ര ജീവനക്കാരെ വെച്ച് പ്രവർത്തിച്ചു വരികയായിരുന്നു കമ്പനി. നൂറുകണക്കിന് പേർ തങ്ങളുടെ വലയത്തിലായാൽ ഓഫീസ് പൂട്ടി പുതിയ തട്ടിപ്പുകേന്ദ്രം തുടങ്ങുകയാണ് ഇവരുടെ പതിവെന്നും പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഡൽഹി പോലീസ് പറഞ്ഞു.

Latest News