Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോരിറ്റിയില്‍ സര്‍ക്കാര്‍ തിരിമറി നടത്തി; ജഡ്ജിമാര്‍ക്ക് അമര്‍ഷം

ന്യൂദല്‍ഹി- സര്‍ക്കാരും കൊളീജിയവും തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവില്‍ മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ നിയമന ഉത്തരവില്‍ ജസ്റ്റിസ് ജോസഫിന്റെ സീനിയോരിറ്റിയില്‍ സര്‍ക്കാര്‍ തിരിമറി നടത്തി. സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഇത് അമര്‍ഷത്തിനിടയാക്കിയിരിക്കുകയാണ്. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഈ ഇടപെടലിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍ പരാതിയുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഉടന്‍ കാണുമെന്നും റിപോര്‍ട്ടുണ്ട്. നേരത്തെ ജസ്റ്റിസ് ജോസഫിന്റെ നിയമന ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും കൊളീജിയം ശുപാര്‍ശ ചെയ്തതോടെ അദ്ദേഹത്തെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സീനിയോറിറ്റിയില്‍ സര്‍ക്കാര്‍ തിരിമറി നടത്തിയിരിക്കുന്നത്.

ജസ്റ്റിസ് ജോസഫിനെ കൂടാതെ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവരെ നിയമിച്ചു കൊണ്ടാണ് നിയമ മന്ത്രാലയം ഉത്തരവിറക്കിയത്. ഇവരില്‍ ഏറ്റവും ആദ്യം കൊളീജിയം ശുപാര്‍ശ ചെയ്തത് ജസ്റ്റിസ് ജോസഫിന്റെ പേരായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിക്കും വിനീത് സരണിനും താഴെയാണ് ജോസഫിന്റെ പേര് നല്‍കിയിരിക്കുന്നത്. ഇതോടെ ഇവരില്‍ ഏറ്റവും ജൂനിയര്‍ ആയ ജഡ്ജിയായാണ് ജോസഫിന് സ്ഥാനമേല്‍ക്കേണ്ടി വരിക. ഇതു സര്‍ക്കാരിന്റെ ഇടപെടലാണെന്ന് വ്യക്തമാണെന്ന് ഒരു മുതിര്‍ന്ന ജഡ്ജ് പറഞ്ഞു. ചൊവ്വാഴ്ചയാണ് മൂന്ന് ജഡ്ജിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങ്.

ജനുവരിയിലാണ ജസ്റ്റിസ് ജോസഫിന്റെ പേര് ആദ്യമായി കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതു ചോദ്യം ചെയ്ത് പ്രാദേശിക പ്രാതിനിധ്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ശുപാര്‍ശ മടക്കി. എന്നാല്‍ കൊളീജിയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തതോടെ നിയമനം സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരികയായിരുന്നു. ഉത്തരഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് 2016-ല്‍ നടപ്പാക്കിയ രാഷ്ട്രപതി ഭരണം റദ്ദാക്കി കൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ ജോസഫ് ഉത്തരവിട്ടതാണ് കേന്ദ്ര സര്‍ക്കാരിനെ അദ്ദേഹത്തിനെതിരാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കിയത് കോണ്‍ഗ്രസിനെ അധികാരത്തില്‍ തുടരാന്‍ തുണയായിരുന്നു. എന്നാല്‍ ഈ ആരോപണം സര്‍ക്കാര്‍ തള്ളിയിരുന്നു. 
 


 

Latest News