മക്ക- സൗദിയുടെ ചരിത്രത്തിൽ ആദ്യമായി മുതവ്വിഫ് എസ്റ്റാബിഷ്‌മെന്റ് ഡയറക്ടർ ബോർഡിൽ രണ്ട് വനിതകൾക്ക് നിയമനം നൽകി ഹജ്, ഉംറ കാര്യമന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ ഉത്തരവിറക്കി. നുജൂദ് ഹൈദർ ജമലുല്ലൈൽ, ഹനാദി അബ്ദുൽഖാദിർ റമദാനി എന്നിവരാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഹാജിമാരുടെ ചുമതലയുള്ള മുതവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റ് ഭരണസമിതിയിൽ ഇടംനേടിയത്. തീർഥാടകർക്ക് സേവനം ചെയ്യുന്നതിൽ വനിതകൾക്ക് സുപ്രധാന പങ്കാളിത്തം വഹിക്കുന്നതിനും തൊഴിൽ മേഖലയിൽ വനിതാപ്രാതിനിധ്യം ഉയർത്തുന്നതിലും തീരുമാനം വഴിയൊരുക്കും. ഹജ് മന്ത്രിയുടെ തീരുമാനത്തെ ഡെപ്യൂട്ടി ഹജ്, ഉംറ കാര്യമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പ്രകീർത്തിച്ചു. കഴിഞ്ഞദിവസം ചേർന്ന ഡയരക്ടർ ബോർഡ് യോഗത്തിൽ സംബന്ധിച്ച വനിതാപ്രതിനിധികൾ പങ്കെടുത്തു. എസ്റ്റാബ്ലിഷ്‌മെന്റിന്റെ പൊതുകാര്യങ്ങളുടെ ചുമതല ഹനാദി റമദാനിയും ലേഡീസ് വളണ്ടിയർ കമ്മിറ്റിയുടെ ചുമതല നുജൂദ് ജമലുല്ലൈലിയും വഹിക്കുമെന്ന് ദക്ഷിണേഷ്യൻ മുതവ്വിഫ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രസിഡന്റ് ഡോ. റഅ്ഫത് ബദർ അറിയിച്ചു.






