സി.പി.എം നേതാവ് ചൂടായി, വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു

കോട്ടയം - സി.പി.എം നേതാവ് തടഞ്ഞു നിര്‍ത്തി മോശമായി പെരുമാറിയതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം  വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശ്രീജ രാജ് (37) ആണ് ആശുപത്രിയില്‍ കുഴഞ്ഞുവീണത്. പോലീസും ആശുപത്രിയിലെ ജീവനക്കാരും ചേര്‍ന്ന് ശ്രീജയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹകരണബാങ്ക് പ്രസിഡന്റ് വി.എ. ഷാഹിമിനെതിരെ ശ്രീജ രാജ് വെള്ളൂര്‍ പോലീസില്‍ മൊഴി നല്‍കി. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. രണ്ട് ഡോക്ടര്‍മാരുള്ള ആശുപത്രിയാണിത്. ഈ സമയത്ത് ശ്രീജ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടുവരെയാണ് ആശുപത്രിയിലെ ഒ.പി. സമയം. 160 രോഗികള്‍ ചികിത്സക്കായി എത്തിയിരുന്നു. അതില്‍ ഹൃദയാഘാതമുണ്ടായ രണ്ടു രോഗികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

തുടര്‍ന്ന് രോഗിയെ പരിശോധിച്ചിട്ട് ഓഫീസ് ജോലിക്കും ഭക്ഷണം കഴിക്കാനുമായി പുറത്തേക്ക് ഇറങ്ങിയ തന്നെ ഷാഹിം തടയുകയായിരുന്നുവെന്ന് ശ്രീജ പറഞ്ഞു. തുടര്‍ന്ന് ഷാഹിം ആശുപത്രിയുടെ ഹാളില്‍ ബഹളം വെച്ചു. പുറത്തേക്ക് ഇറക്കിവിടില്ലെന്ന് പറഞ്ഞു. ആക്രോശിക്കുകയു അസഭ്യം പറയുകയും ചെയ്തു. ഇതോടെ കുഴഞ്ഞുവീണുപോയെന്ന് ശ്രീജ പറയുന്നു. രാവിലെ 11 മണി മുതല്‍ ഹാഷിം ആശുപത്രിയിലുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞതായി ശ്രീജ മൊഴി നല്‍കി.

അതേസമയം, പനിയെത്തുടര്‍ന്ന് ഉച്ചക്ക് ഒന്നരയോടെയാണ് എത്തിയതെന്നും തനിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചെന്നും ഷാഹിം പറഞ്ഞു. ഇതിനെതിരേ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയതായും ഷാഹിം പറഞ്ഞു. കുടുംബ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കൈയേറ്റം ചെയ്ത സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി വെള്ളൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും കഴിവുകേടു മറയ്ക്കാനാണ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമം.

 

 

Latest News