കനേഡിയന്‍ പൗരന്മാര്‍ക്ക് തല്‍ക്കാലം വിസയില്ല, കടുത്ത വാക്കുകളുമായി എസ്. ജയശങ്കര്‍

ന്യൂദല്‍ഹി - ഇന്ത്യ, കാനഡ ബന്ധത്തില്‍ കടുത്ത നടപടിയെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വഴിയേ പുറത്തുവരുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സര്‍വീസ് തല്‍ക്കാലം തുടങ്ങാനാകില്ലെന്നും അദേഹം അറിയിച്ചു. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ് സര്‍വീസ് നിര്‍ത്തിയത്. സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നല്‍കുന്നത് പുനഃസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാനഡ ഇതിനകം തന്നെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യ കാനഡ തര്‍ക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് എസ്. ജയശങ്കര്‍ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറക്കാന്‍ ഇന്ത്യ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന പ്രതികരണം നല്‍കി. അമേരിക്കന്‍ പിന്തുണ കിട്ടിയ സാഹചര്യത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്നലെ ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഈ സമ്മര്‍ദം കാര്യമാക്കുന്നില്ലെന്നാണ് ജയശങ്കറിന്റെ നിലപാട്.
ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്കെതിരെ കാനഡ ആരോപണമുന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൊട്ടിത്തെറിയിലെത്തിയത്. ആദ്യം ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കി. പിന്നീടാണ് കൂടുതല്‍ ഉദ്യോഗസ്ഥരുണ്ടെന്ന് ചൂണ്ടിക്കാട്ടി 41 പേരെ പിന്‍വലിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്.

 

Latest News