Sorry, you need to enable JavaScript to visit this website.

ലോയയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്ന അഭിഭാഷകനെ 17 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റ് ചെയ്തു

നാഗ്പൂര്‍- ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണ നടത്തുന്നതിനിടെ ദുരൂഹമായി മരിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരാന്‍ ശ്രമിക്കുന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ സതീഷ് ഉക്കെയെ 17 വര്‍ഷം പഴക്കമുള്ള കേസില്‍ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയ ജൂലൈ 31-നാണ് സതീഷി ഉക്കെയെ നാഗ്പൂര്‍ പോലീസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതോടെ ഈ അറസ്റ്റിനു പിന്നില്‍ പ്രതികാര നടപടിയാണെന്ന ആക്ഷേപമുയര്‍ന്നിരിക്കുകയാണ്.

ലോയയുടെ മരണം സര്‍ക്കാര്‍ ജോലിക്കിടെ ആണെന്ന് രേഖകളില്‍ വ്യക്തമായ സാഹചര്യത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ജൂണില്‍ ഉക്കെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അറസ്റ്റിനു രണ്ടാഴ്ച മുമ്പ് വീണ്ടുമൊരു ഹര്‍ജി കൂടി ഉക്കെ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന ഹര്‍ജി സു്പ്രീം കോടതി വീണ്ടും തള്ളിയ അതേ ദിവസം തന്നെ ഉക്കെയെ പഴയ കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

17 വര്‍ഷം മുമ്പ് നാഗ്പൂരിലെ സഹകരണ ഹൗസിങ് സൊസൈറ്റിയില്‍ ഭൂമി വാങ്ങാന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നാരോപിച്ച് സൊസൈറ്റി സെക്രട്ടറി ശോഭാറാണി നാലോഡെ ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഉക്കെക്കെതിരെ പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഈ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇക്കഴിഞ്ഞ ജൂലൈ 31-നാണ്. അന്നു തന്നെ ഉക്കെയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോയയുടെ മരണം പുനരന്വേഷിക്കേണ്ട എന്ന സുപ്രീം കോടതി ഉത്തരവ് വന്നതും ഇതേ ദിവസം ആയത് ദുരൂഹതകള്‍ക്കിടയാക്കിയിരിക്കുകയാണ്. 17 വര്‍ഷം പഴക്കമുള്ള ഏതെങ്കിലും കേസ് ഇപ്പോഴും നാഗ്പൂര്‍ പോലിസിന്റെ അന്വേഷണ പരിധിയിലുണ്ടോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു ജോയിന്റ് കമ്മീഷണര്‍ ശിവാജി ഭോഡ്‌കെയും പ്രതികരണം.

ജഡ്ജി ലോയയ്ക്കു നീതി ഉറപ്പാക്കാന്‍ നടത്തുന്ന നിയമ പോരാട്ടങ്ങളുടെ പേരില്‍ ഉക്കെയെ തളര്‍ത്താനാണു ഈ കേസ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നതെന്നാണ് ഉക്കെയുടെ സുഹൃത്തുക്കള്‍ പറയുന്നത്.  ഏതാനും വര്‍ഷങ്ങളായി ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേകഖളും ഉക്കെ സമാഹരിച്ചു വരികയായിരുന്നു. വിവരാവകാശ നിയമപ്രകാരം ഉക്കെ പുറത്തു കൊണ്ടു വന്ന രേഖകളില്‍ നിന്നാണ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ വെളിച്ചത്തായത്. ലോയുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച അഭിഭാഷകനാണ് ഉക്കെ. ലോയയുടെ മരണവുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ മറച്ചു വച്ച പല സുപ്രധാന രേഖകളും ഉക്കെയാണ് വിവരാവകാശ നിയമപ്രകാരം പുറത്തു കൊണ്ടു വന്നത്.
 

Latest News