ഗാസ സിറ്റി- ഉപരോധവും ഇസ്രായില്‍ വ്യോമാക്രമണവും തുടരുന്ന ഗാസയിലെ
ആശുപത്രികളില്‍ ഇന്‍കുബേറ്ററുകളില്‍ കുറഞ്ഞത് 120 നവജാത ശിശുക്കളുടെ ജീവന്‍ അപകടത്തിലാണെന്ന് യു.എന്‍ കുട്ടികളുടെ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ ഇന്ധനം തീര്‍ന്ന പശ്ചാത്തലത്തിലാണിത്.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിന് പ്രതികാരമായി ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം 1,750 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായില്‍ പ്രഖ്യാപിച്ച യുദ്ധത്തില്‍ പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ക്ക് പുറമെ, സാധാരണ രോഗികള്‍ക്കും മരുന്നുകള്‍, ഇന്ധനം, വെള്ളം എന്നിവ കിട്ടാനില്ല.
നിലവില്‍ 120 നവജാതശിശുക്കള്‍ ഇന്‍കുബേറ്ററുകളിലുണ്ട്. അതില്‍ 70 നവജാതശിശുക്കളും മെക്കാനിക്കല്‍ വെന്റിലേഷനുണ്ട്, ഇവിടെയാണ് ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരായിരിക്കുന്നതെന്ന് യുനിസെഫ് വക്താവ് ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു.
ഗാസയിലുടനീളമുള്ള ഏഴ് സ്‌പെഷ്യലിസ്റ്റ് വാര്‍ഡുകളില്‍ മാസം തികയാതെ പ്രസവിച്ച കുട്ടികളുണ്ട്.
ഈ കുഞ്ഞുങ്ങളുടെ ശ്വാസോച്ഛ്വാസത്തിന് സഹായിക്കുന്നതിന് വൈദ്യുതി നിര്‍ണായകമാണ്.