Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ എലിപ്പനി പടരുന്നു,  അഞ്ചു ദിവസത്തിനിടെ മൂന്ന് മരണം

ആലപ്പുഴ-ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.
നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. അതിനാല്‍, മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവര്‍ക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പു ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കണം. കട്ടികൂടിയ റബ്ബര്‍ കാലുറകളും കൈയുറകളും ധരിച്ചുമാത്രം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ ഇവ ഉണങ്ങുംവരെ ഇത്തരം ജോലികള്‍ ഒഴിവാക്കുക. മുറിവ് മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാന്‍ഡേജ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.
 

Latest News