മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി,  കേന്ദ്രമന്ത്രിയെ തടഞ്ഞു, കയ്യേറ്റം 

ഭോപാല്‍-സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്ത പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. 
മധ്യപ്രദേശിലെ ജബല്‍പൂരില്‍ വെച്ചായിരുന്നു സംഭവം. മധ്യപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ്മയ്ക്കു നേരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 92 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തും സീറ്റ് ലഭിക്കാത്തവരുടെ പ്രതിഷേധം നടന്നിരുന്നു. 
തെരഞ്ഞെടുപ്പില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ, മകന്‍ ആകാഷ് വിജയവര്‍ഗീയ, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. മധ്യപ്രദേശില്‍ നിര്‍ണായകമായ യുവാക്കളുടെ വോട്ടു നേടാനുള്ള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. മധ്യപ്രദേശില്‍ നവംബര്‍ 17 നാണ് വോട്ടെടുപ്പ്. 

Latest News