ജീവനു ഭീഷണിയെന്ന് മഹുവ മൊയ്ത്രയുടെ മുന്‍ പങ്കാളി; പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം

ന്യൂദല്‍ഹി-ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ മഹുവ മൊയ്ത്രയുടെ മുന്‍ പങ്കാളിയെന്ന്  അവകാശപ്പെടുന്ന ജയ് ആനന്ദ് ദേഹാദ്രായി ദല്‍ഹി പോലീസില്‍ പരാതി നല്‍കി.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന് അവകാശപ്പെട്ടാണ് ജയ് ആനന്ദ് രംഗത്തുവന്നിരുന്നത്.  മഹുവക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കി സുപ്രീം കോടതി അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായി സിബിഐക്കും ബിജെപി എംപി നിഷികാന്ത് ദുബെക്കും കത്തയച്ചതിനെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. മഹുവക്കെതിരെ പരാതി നല്‍കിയതിനാല്‍ തന്റെ സുരക്ഷക്ക് വളരെ ഗുരുതരമായ ഭീഷണി ഉയര്‍ന്നിരിക്കയാണെന്നാണ് ജയ് ആനന്ദ് ദല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കത്തയച്ചിരിക്കുന്നത്.
പാര്‍ലമെന്റില്‍  ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മഹുവ പണം വാങ്ങിയെന്ന് സിബിഐക്കും ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും നല്‍കിയ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ജയ് ആനന്ദ് ആരോപിച്ചു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നിഷികാന്ത് ദുബെ അഴിമതി വിരുദ്ധ വിഭാഗമായ ലോക്പാലിന് കത്തുനല്‍കിയിരുന്നു.
പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി മഹുവയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ സമീപിച്ചെന്ന് ജയ് ആനന്ദ് കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേക്കുറിച്ചു കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെ, മഹുവയ്ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്നു ഗോപാല്‍ പിന്മാറി.

 

Latest News