ഭുവനേശ്വര്‍- ഒഡീഷയിലെ ജര്‍സുഗുഡ ജില്ലയില്‍ മരിച്ച നിരാലംബയായ സ്ത്രീയുടെ മൃതദേഹം നാട്ടുകാര്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് എം.എല്‍.എയും ബന്ധുക്കളും മുന്നിട്ടിറങ്ങി അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. ജാത ബഹിഷ്‌ക്കരണം ഭയന്നാണ് നാട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മുന്നോട്ടു വരാതിരുന്നത്. മരിച്ച സ്ത്രീയുടെ ഏക ബന്ധുവായ അര്‍ദ്ധ സഹോദരന്‍ അസുഖ ബാധിതനായി കിടപ്പിലായതിനാല്‍ അദ്ദേഹത്തിനും എത്താന്‍ കഴിഞ്ഞില്ല. ഇതോടെ തീര്‍ത്തും അവഗണിക്കപ്പെട്ട സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ എം.എല്‍.എ നേരിട്ടെത്തുകയായിരുന്നു. ഭരണകക്ഷിയായ ബിജു ജനതാ ദള്‍ (ബി.ജെ.ഡി) എം.എല്‍.എ രമേശ് പടുവ തന്റെ മകനേയും അനന്തരവനേയും കൂട്ടിയാണ് അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയതും കുഴി വെട്ടി സംസ്‌ക്കരിച്ചതും.
ടീ ഷര്‍ട്ട് ധരിച്ച് അരയില്‍ തോര്‍ത്തു കെട്ടി രമേശ് ശവമഞ്ചമേറ്റിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ കയ്യടി നേടി. നിരാലംബയായ സ്ത്രീയുടെ അന്ത്യയാത്രയില്‍ അവരുടെ അഭിമാനം കാത്ത രംഗാലി എം.എല്‍.എ താരമായി മാറിയിരിക്കുകയാണ്.






