Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ.എസ്.ഇ.ബി മീറ്റർ റീഡിംഗിലെ കൃത്രിമം; ഒരാൾക്ക് കൂടി സസ്‌പെൻഷൻ

തൊടുപുഴ- മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ ഒരു ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു.  തൊടുപുഴ സെക്ഷൻ-1 ഓഫീസിലെ സബ് എൻജിനീയർ ബോബിയെയാണ് സസ്‌പെൻഡ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിർദേശ പ്രകാരമാണ്  നടപടി. 
ഇതോടെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായവരുടെ എണ്ണം എട്ടായി. അസി. എൻജിനീയർ, സൂപ്രണ്ട്, സീനിയർ അസിസ്റ്റന്റ്, മൂന്ന് സബ് എൻജിനീയർമാർ, ഓവർസിയർ എന്നിങ്ങനെ ഏഴ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. മീറ്റർ റീഡിംഗ് എടുത്തിരുന്ന കരാർ ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പിരിച്ചുവിട്ട കരിമണ്ണൂർ സ്വദേശിയായ കരാർ ജീവനക്കാരൻ രണ്ട് വർഷത്തോളം മീറ്റർ റീഡിംഗ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. കരാർ ജീവനക്കാരനെ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പൻഡ്  ചെയ്തത്. 
ഇവർക്ക് ക്രമക്കേടിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മേയിൽ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലം മാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിംഗിൽ പ്രകടമായ മാറ്റം കണ്ടെത്തി. ശരാശരി 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തിൽ വർധന കണ്ടെത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് മുമ്പ് പ്രദേശത്ത് മീറ്റർ റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ റീഡിംഗിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർഥ റീഡിംഗിനേക്കാൾ കുറച്ചായിരുന്നു വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറിയത്. വിജിലിൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജൂലൈയിലും തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കൾക്ക് വൻ തുകയുടെ വൈദ്യുതി ബിൽ ലഭിച്ചു. ശരാശരി 2000-2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെയാണ് ബിൽ വന്നത്.
അതേസമയം, കുറ്റം ജീവനക്കാരുടേതാണെങ്കിലും ബില്ലിന്റെ ഭാരം ഉപഭോക്താവ് തന്നെ വഹിക്കണം. ബിൽ തുക മുഴുവനും  അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകി. തൊടുപുഴ സെക്ഷൻ-1 ഓഫീസിന് കീഴിലെ മുന്നൂറോളം ഉപഭോക്താക്കളാണ് വമ്പൻ ബിൽ തുക അടയ്‌ക്കേണ്ടി വരിക. ഇതു സംബന്ധിച്ച് ഇതിനകം എൺപതോളം ഉപഭോക്താക്കൾക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ഇവരുടെ മീറ്ററുകളിലെ ഡാറ്റ ഡൗൺലോഡ് ചെയ്ത് പരിശോധിച്ച് റീഡിംഗ് കൃത്യമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കൂടിയ ബിൽ തുക അടയ്ക്കാൻ നോട്ടീസ് നൽകിയതെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. പണം 12 തവണകളായി അടയ്ക്കാൻ അവസരമുണ്ടാകും.

Latest News