സെപ്തംബര്‍ 30ന് ശേഷം നടന്ന എം ബി ബി എസ് അലോട്ട്‌മെന്റുകള്‍ റദ്ദാക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍

ചെന്നൈ: സെപ്തംബര്‍ 30ന് ശേഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ഉടന്‍ ഒഴിവാക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവിട്ടു. സെപ്തംബര്‍ 30ന് ശേഷം നടന്ന കൗണ്‍സിലിങ്ങില്‍ എം ബി ബി എസ് സീറ്റ് അലോട്ട്മെന്റ് ലഭിച്ച 500ലധികം വിദ്യാര്‍ഥികള്‍ക്കാണ് ഇതോടെ സീറ്റ് നഷ്ടമാകുക.

തിയ്യതിക്ക് ശേഷവും മെഡിക്കല്‍ കോളജുകളില്‍ ഇത്രയേറെ വിദ്യാര്‍ഥികള്‍ പ്രവേശനമെടുത്തെങ്കിലും രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും ഡീംഡ് സര്‍വകലാശാലകളിലും നൂറുകണക്കിന് എം ബി ബി എസ് സീറ്റുകളാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലോ സംസ്ഥാന- കേന്ദ്ര ഏജന്‍സികളോ ഈ വിഭാഗങ്ങളുടെ ഔദ്യോഗികവും അന്തിമവുമായ കണക്കുകളൊന്നും പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും എം ബി ബി എസ് കൗണ്‍സലിംഗ് നടത്തുന്നുണ്ടെന്ന് കമ്മിഷന് ബോധ്യപ്പെട്ടതായി ഒക്ടോബര്‍ 19ലെ രണ്ട് പേജുള്ള വിജ്ഞാപനത്തില്‍ ബിരുദ മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ശംഭു ശരണ്‍ കുമാര്‍ പറഞ്ഞു. 

എം ബി ബി എസ് കൗണ്‍സിലിംഗിന്റെ കട്ട്-ഓഫ് തിയ്യതി സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജൂലൈ 27ന് തന്നെ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ കട്ട് ഓഫ് തിയ്യതിക്ക് ശേഷമുള്ള ഏതെങ്കിലും പ്രവേശനമോ കൗണ്‍സിലിംഗ് നടത്തുന്നതോ അതിന്റെ ലംഘനമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡങ്ങളും സുപ്രിം കോടതി വിധികളും വ്യക്തമാക്കുന്നു. 

സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നത് കട്ട് ഓഫ് തിയ്യതി നീട്ടുകയോ കട്ട് ഓഫ് തിയ്യതിക്കപ്പുറം പ്രവേശനം അനുവദിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാവുന്ന ഒരു കാരണമല്ലെന്നാണ് 2019ല്‍ സുപ്രിം കോടതി പറഞ്ഞത്.

Latest News