Sorry, you need to enable JavaScript to visit this website.

കാനഡയിലേക്കുള്ള വിസാ നടപടികള്‍ വൈകും;  മലയാളി വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി 

ടൊറന്റോ-അടുത്ത കാലത്തായി ധാരാളം മലയാളി വിദ്യാര്‍ഥികള്‍ പോകുന്ന രാജ്യമാണ് കാനഡ. യു.എസിലേക്കെന്ന പോലെ അവിടെ എത്തി സെറ്റില്‍ ചെയ്യുകയെന്നതാണ് പലരുടേയും ലക്ഷ്യം. മതാപിതാക്കളേയും ബന്ധുക്കളേയും കൊണ്ടു പോകുന്നവരുമുണ്ട്. കോട്ടയം മുതല്‍ മലപ്പുറം, കാസര്‍കോട് ജില്ലക്കാര്‍ വരെ കനേഡിയന്‍ നഗരങ്ങളിലുണ്ട്. ലക്ഷങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. എന്നാല്‍ പുതിയ പ്രതിസന്ധി ഇതിനെല്ലാം തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. 
കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ നടപടികള്‍ വൈകും. 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചു വിളിച്ചതാണ് പ്രതിസന്ധിയായത്. ഇന്ത്യയില്‍ കാനഡയ്ക്ക് നാല് നയതന്ത്ര കാര്യാലയങ്ങളും മൂന്ന് കോണ്‍സുലേറ്റകളുമാണ് ഉള്ളത്. ബെംഗളൂരു, ചണ്ഡീഗഢ്, മുംബൈ കോണ്‍സുലേറ്റകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥരെ പിന്‍വലിച്ചതോടെ സ്തംഭിച്ച നിലയിലാണ്. ഇതോടെ ഇന്ത്യക്കാരുടെ വീസാ നടപടികള്‍ വൈകുമെന്ന് കാനഡ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. പ്രതിവര്‍ഷം ഏതാണ് രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് കാനഡയിലേക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നത്. ഭൂരിഭാഗം ആളുകളും സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നതിനാല്‍ പ്രശ്‌നം ബാധിച്ചേക്കില്ല. എന്നാല്‍ പിആര്‍ എടുത്ത് അവിടെ നില്‍ക്കുന്നവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്നും പോകുമ്പോഴാണ് പ്രതിസന്ധി ഉണ്ടാവുക.
ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയുമെന്ന ഇന്ത്യയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചത്. ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 27ല്‍ നിന്ന് അഞ്ചായി കുറഞ്ഞു. ഡല്‍ഹി ഹൈക്കമ്മിഷന്‍ ഓഫീസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുമെങ്കിലും വീസാ നടപടികളില്‍ കാലതാമസമുണ്ടാകുമെന്ന് കാനഡ വ്യക്തമാക്കി.ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ വിദേശകാര്യമന്ത്രി മെലാനി ജോളി അറിയിച്ചു. 

Latest News