വന്ദേഭാരതിനെ കുറിച്ചു നൂറുനാവില്‍ സംസാരിക്കുമ്പോഴും റെയില്‍വേയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വെട്ടിച്ചുരുക്കി കേന്ദ്രം

തിരുവനന്തപുരം- ചീറിപ്പായുന്ന വന്ദേഭാരതിന്റെ മഹിമ പ്രസരിപ്പിക്കാന്‍ കാംപയിനുകള്‍ നടത്തുന്ന ഇന്ത്യന്‍ റെയില്‍വേ സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ അടച്ചുപൂട്ടാന്‍ തുടങ്ങി. പരീക്ഷാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ കൗണ്ടറുകളാണ് അടച്ചു തുടങ്ങിയത്. 

കൊച്ചുവേളി, കായംകുളം സ്റ്റേഷനുകളിലെ കൗണ്ടറുകള്‍ പൂട്ടിയതിന് പിന്നാലെ ആലപ്പുഴ, ആലുവ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ ഉടന്‍ പൂട്ടും. ഇതോടെ തിരുവനന്തപുരം ഡിവിഷനില്‍ മാത്രം അറുപതോളം തസ്തികകള്‍ ഇല്ലാതാകും. 

ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ തന്നെ ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നാണ് റെയില്‍വേ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടിക്കറ്റ് നല്‍കാന്‍ പോലും സമയമില്ലെന്നിരിക്കെ ട്രെയിനും പ്ലാറ്റ്‌ഫോമും ബോഗിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇവര്‍ക്ക് യാത്രക്കാരെ അറിയിക്കാനാവില്ല. അടുത്ത കാലത്തായി യാത്രക്കാര്‍ക്ക് വലിയ പ്രയാസങ്ങള്‍ സമ്മാനിക്കുന്ന ഇന്ത്യന്‍ റെയില്‍വേ പുതിയ ഇരുട്ടടി കൂടിയാണ് സമ്മാനിക്കുന്നത്.

ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടാകാന്‍ സാധ്യത കേരളത്തില്‍ നിന്നായതിനാലാണത്രെ തിരുവനന്തപുരം ഡിവിഷനെ പരീക്ഷണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം ഡിവിഷനില്‍ അടച്ചു പൂട്ടല്‍ നടത്തുന്നത്. 

ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളിലെ ജീവനക്കാരെ ടിക്കറ്റ് വിഭാഗത്തിലേക്ക് മാറ്റുന്നതിനാല്‍ ആര്‍ക്കും നിലവില്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യമില്ലാത്തതിനാല്‍ തൊഴിലാളി സംഘടനകള്‍ കാര്യമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം ഡിവിഷനില്‍ വിജയകരമായി നടപ്പാക്കാനായാല്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെങ്കിലും വലിയ എണ്ണം തസ്തികകളാണ് കാലക്രമേണ റെയില്‍വേ ഇല്ലാതാക്കുന്നത്. 

റെയില്‍വേയില്‍ പല വിഭാഗങ്ങളില്‍ കരാറുകാരെ നിയമിച്ചും  ട്രയിനുകള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുമാണ് ബി. ജെ. പി സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്.

Latest News