കൊച്ചി-കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര് പെരുമ്പാവൂരില്‍ പിടിയില്‍. ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍ (29), കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍. കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുകയായിരുന്നു. കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയില്‍ നിന്ന് സാഹസികമായി പിന്തുടര്ന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.പി ജുവനപ്പടി മഹേഷ്,നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി പി .പി ഷംസ്, ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്. എം തോമസ്, ജോസി .എം ജോണ്സന് , എ.എസ്.ഐ എം.ജി ജോഷി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ മീരാന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.