Sorry, you need to enable JavaScript to visit this website.

ദേവഗൗഡയുടെ വെളിപ്പെടുത്തൽ ഗൗരവമേറിയത് -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - കർണാടകയിൽ ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ജെ.ഡി.എസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്നുള്ള മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ ദേവഗൗഡയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണെന്നും പിണറായി വിജയന് ഉത്തരവാദിത്തമുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 


അധികാരം നിലനിർത്തുന്നതിന് ഏതറ്റം വരെയും പോകുന്നവരാണ് തങ്ങളെന്നാണ് പിണറായി വിജയനും സി.പി.എമ്മും ഇതിലൂടെ തെളിയിക്കുന്നത്.  കേരളത്തിൽ അവസരം തേടി നടക്കുന്ന ബി.ജെ.പിക്ക് കൂടുതൽ ഇടം നൽകുന്നതിന്റെ ഭാഗമാണിത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  എൻ.ഡി.എയുടെ സഖ്യകക്ഷിയായ ഒരു പാർട്ടിയെ ഇടതു മുന്നണിയിൽ നിലനിർത്തുന്നതിന്റെ  ന്യായം കേരളത്തോട് സി.പി.എം വ്യക്തമാക്കണം.
സംഘ് പരിവാറിനെ തങ്ങൾ മാത്രമാണ്  പ്രതിരോധിക്കുന്നതെന്ന സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും അവകാശവാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്ന പ്രസ്താവനയാണ് ദേവഗൗഡ നടത്തിയിരിക്കുന്നത്-  അദ്ദേഹം പറഞ്ഞു.


ബിജെപി മുന്നണിയുടെ ഭാഗമായ ദേശീയ രാഷ്ട്രീയ പാർട്ടിയായ ജെ.ഡി.എസിന്റെ ഭാഗം തന്നെയാണ് കേരള ഘടകം എന്ന് ദേശീയ അധ്യക്ഷൻ വെളിപ്പെടുത്തിയിട്ടും  ആ പാർട്ടിയുടെ പ്രതിനിധിക്ക് മന്ത്രിസ്ഥാനം നൽകുകയും അതേ സമയം തന്നെ സംഘ്പരിവാർ വിരുദ്ധരാണ് തങ്ങളെന്ന് മേനി നടിക്കുകയും ചെയ്യുന്ന കേരള സിപിഎമ്മിന്റെ കാപട്യ നിലപാടിനെതിരെ  വൻ ജനരോഷം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News