പോളണ്ടില്‍ ജോലിക്ക് അഞ്ചു ലക്ഷം നല്‍കിയ തൊഴിലാളി വഞ്ചിതനായി

-മോഹനന്‍

കല്‍പറ്റ-പോളണ്ടില്‍ ജോലിക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയ തൊഴിലാളി വഞ്ചിതനായി. ഇന്റീരിയര്‍  കാര്‍പെന്റര്‍ മാനന്തവാടി പുതിയിടത്ത് നടുവീട്ടില്‍ മോഹനനാണ് ദുരനുഭവം. പോളണ്ടിലെ വാഴ്സയിലുള്ള മലയാളി ദമ്പതികളാണ് ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതെന്നു മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍,  മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, അര്‍മേനിയന്‍ അംബാസഡര്‍, പോളണ്ട് മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍, വയനാട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയതായി അറിയിച്ചു.
എറണാകുളം അര്‍ത്തുങ്കല്‍ സ്വദേശി മാര്‍ക്കോസ് ആന്റണി, ഭാര്യ കണ്ണൂര്‍ കോളയാട് സ്വദേശനി ജിന്‍സി പീറ്റര്‍, ജിന്‍സിയുടെ മാതാവ് ജസി പീറ്റര്‍ എന്നിവരുടെ കേരളത്തിലുള്ള ബാങ്ക് അക്കൗണ്ടുകളിലാണ് 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ നാലു തവണകളായി അഞ്ചു ലക്ഷം രൂപ നല്‍കിയത്. മലയാളി ദമ്പതികള്‍ പോളണ്ടില്‍ ജോലി തരപ്പെടുത്തുന്ന വിവരം സ്നേഹിതന്‍ മുഖേനയാണ് മോഹനന്‍ അറിഞ്ഞത്. പ്രവാസിയായിരുന്ന മോഹനന്‍ കേരള ബാങ്കില്‍നിന്നു വായ്പയെടുത്താണ് പോളണ്ടില്‍ ജോലിക്ക് പണം നല്‍കിയത്.
മാര്‍ക്കോസ് ആന്റണി നിര്‍ദേശിച്ചതനുസരിച്ച്  മോഹനന്‍ ഒരു മാസത്തോളം അസര്‍ബൈജാനിലും മൂന്നാഴ്ച കസാക്കിസ്ഥാനിലും 10 ദിവസം അര്‍മേനിയയിലും ടൂറിസ്റ്റ് വിസയില്‍ താമസിച്ചെങ്കിലും പോളണ്ടിലേക്കു വിസ ലഭിച്ചില്ല. ഇതേത്തുടര്‍ന്നു 2023 ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങി. പോളണ്ടില്‍ ജോലി ശരിയായതായി മെയ് 26ന്  മാര്‍ക്കോസ് ആന്റണി അറിയിച്ചതനുസരിച്ച് മോഹനന്‍ അതേമാസം അര്‍മേനിയയിലെത്തി. ദിവസങ്ങളോളം അവിടെ തങ്ങിയെങ്കിലും പോളണ്ടിലേക്ക് പോകാനായില്ല. ഈ സാഹചര്യത്തില്‍ ജൂണ്‍ 12ന് തിരിച്ചുപോന്നു. ഈ സമയം മാര്‍ക്കോസ് ആന്റണിയുടെ വാക്ക് വിശ്വസിച്ച് പോളണ്ടില്‍ ജോലിക്കുപോകാനെത്തിയ മൂന്നു സ്ത്രീകള്‍ അടക്കം 12 പേര്‍ അര്‍മേനിയയില്‍ ഉണ്ടായിരുന്നതായി മോഹനന്‍ പറഞ്ഞു.
പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറുമായി നല്ല ബന്ധത്തിലാണെന്നും ഇത് ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട ജോലി ശരിപ്പെടുത്താമെന്നും വിശ്വസിപ്പിച്ചാണ് മാര്‍ക്കോസ് ആന്റണി ആളുകളെ കബളിപ്പിക്കുന്നതെന്നു മോഹനന്‍ കേന്ദ്ര വിദേകാര്യ സഹമന്ത്രിക്കടക്കം നല്‍കിയ പരാതിയില്‍ പറയുന്നു. ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ആളുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ക്ലിപ്പുകള്‍ മാര്‍ക്കോസ് ആന്റണി ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതിനു ഉപയോഗപ്പെടുത്തുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Latest News