ഗാസയില്‍ ഇസ്രായില്‍ ക്രിസ്ത്യന്‍  പള്ളി തകര്‍ത്തു, നിരവധി  മരണം 

ടെല്‍ അവീവ്- ഗാസക്കെതിരെ ഇസ്രയല്‍ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്‌ലാം  മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയല്‍ ഷെല്‍ ആക്രമണം നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പല്‍ നിര്‍വീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു. ഇസ്രയലിനായി കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചതായും അമേരിക്ക വ്യക്തമാക്കി.
സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാന്‍ ആവില്ലെന്നാണ് ഇസ്രയലിന് ആയുധം നല്‍കിയതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രയലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടുമെന്ന് പറഞ്ഞ അദ്ദേഹം ടെലിവിഷനിലൂടെ സ്വന്തം രാജ്യത്തെ ജനത്തോട് സംസാരിച്ചു. 9/11 ന് ശേഷം അമേരിക്ക കാട്ടിയ പിഴവുകളില്‍ നിന്ന് പാഠം പഠിക്കാന്‍ ഇസ്രയലിനോട് ബൈഡന്‍ ആവശ്യപ്പെട്ടു. ക്രോധത്താല്‍ അന്ധരാകരുത് എന്നും ഉപദേശിച്ചു. ഹമാസിനെയും റഷ്യന്‍ പ്രസിഡന്റിനെയും താരതമ്യപ്പെടുത്തിയ ബൈഡന്‍, ഹമാസും പുട്ടിനും വ്യത്യസ്ത ഭീഷണികളാണെന്നും ഇരുവരും അയല്‍രാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിമര്‍ശിച്ചു.
 

Latest News