ഗാസ- ഗാസയില്‍ കരയാക്രമണത്തിനുള്ള സൂചന നല്‍കി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് രംഗത്തെത്തി. നിങ്ങള്‍ ഇപ്പോള്‍ ഗാസയെ ദൂരെനിന്ന് കാണുന്നു, ഉടന്‍ തന്നെ നിങ്ങള്‍ അത് ഉള്ളില്‍നിന്ന് കാണും- ഗാസ വേലിക്ക് സമീപം തടിച്ചുകൂടിയ ഇസ്രായേലി സൈനികരോട് അദ്ദേഹം പറഞ്ഞു.
സമാധാന നീക്കങ്ങള്‍ യാതൊരു ഫലവും കാണാതിരിക്കെ, വിവിധ അറബ് രാഷ്ട്രത്തലവന്മാര്‍ കൂടിയാലോചനകളിലും ചര്‍ച്ചകളിലുമാണ്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സിസി ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിനെ സന്ദര്‍ശിച്ചു. വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തെക്കുറിച്ചും വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെക്കുറിച്ചും അവര്‍ ചര്‍ച്ച നടത്തി.
ഗാസയിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രായിലിന്റെ 'കൂട്ടായ ശിക്ഷ' നയത്തെയും പലസ്തീനികളെ അവരുടെ നാടുകളില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ ആട്ടിയോടിക്കാനുള്ള ശ്രമങ്ങളെയും ഇരു നേതാക്കളും അപലപിച്ചതായി ഈജിപ്തിന്റെ പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീനികളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് ശാശ്വതമായി കുടിയിരുത്തുമെന്ന ഭയം ഇരുനേതാക്കളും പ്രകടിപ്പിച്ചു, ഇത് ഭാവി രാഷ്ട്രത്തിനുള്ള ഫലസ്തീനികളുടെ ആവശ്യം അസാധുവാക്കുമെന്നും അവര്‍ ആശങ്കപ്പെട്ടു. ഗാസ യുദ്ധം നീണ്ടുനില്‍ക്കുന്നത് പ്രദേശത്തെ ദുരന്തത്തിലേക്ക് വലിച്ചിഴക്കുമെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കി.