ന്യൂസ് ക്ലിക് കേസില്‍ ദല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ന്യൂദല്‍ഹി - ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയസ്തയും എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതി ദല്‍ഹി പോലീസില്‍ നിന്നും റിപോര്‍ട്ട് തേടി. ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസും റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹരജികളില്‍ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസ് ഈ മാസം 30 ന് വീണ്ടും പരിഗണിക്കും.
യുഎപിഎ കേസും റിമാന്‍ഡും ചോദ്യം ചെയ്ത് പുര്‍കയസ്തയും ചക്രവര്‍ത്തിയും സമര്‍പ്പിച്ച ഹരജികള്‍ നേരത്തെ വിചാരണ കോടതിയും ദല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചൈനീസ് പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിന്  ന്യൂസ്‌ക്ലിക്കിന് പണം ലഭിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് പുര്‍കയസ്തയെയും ചക്രവര്‍ത്തിയെയും ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഈ മാസം മൂന്നിനാണ് അറസ്റ്റ് ചെയ്തത്്. ദല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ പ്രകാരം പ്രതികള്‍ കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് അനധികൃതമായി സ്വീകരിക്കുകയും ഇന്ത്യയുടെ പരമാധികാരവും ഐക്യവും സുരക്ഷയും തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് ഈ പണം വിനിയോഗിച്ചതെന്നുമാണ്് ആരോപണം.

 

Latest News