ജിദ്ദ- ഇസ്രായിലിന്റെ സയണിസ്റ്റ് അധിനിവേശ ഭീകരതയ്ക്കെതിരെ പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രഗത്ഭ പണ്ഡിതരും ജിദ്ദയിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ നേതാക്കളും ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തു.
ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന നരനായാട്ടിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ഇപ്പോൾ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രായിലിന്റെ കിരാതമായ നടപടി എന്തു വിലകൊടുത്തും തടയേണ്ടതാണെന്നും ആമുഖ ഭാഷണത്തിൽ അബ്ദുൽ ബാരി ബുസ് താനി പ്രസ്താവിച്ചു. ഫലസ്തീനികൾ യുദ്ധം ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമല്ല. മറിച്ച്, മസ്ജിദുൽ അഖ്സയെ രക്ഷിക്കുവാൻ വേണ്ടി ലോകത്തുള്ള മുഴുവൻ മുസ് ലിംകൾക്കും വേണ്ടിയാണ്. ഫലസ്തീൻ ജനതയുടെ ചെറുത്തുനിൽപ്പിന്റെ ചരിത്രപരമായ പ്രാധാന്യം മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് അഹമ്മദ് അനസ് മൗലവി വിശദീകരിച്ചു.
ഇന്നത്തെ ഫലസ്തീൻ സെമിറ്റിക് കാലഘട്ടത്തിലെ 'ഷാം' എന്ന പ്രദേശമായിരുന്നു. ആ പ്രദേശമാകട്ടെ ഒട്ടേറെ സെമിറ്റിക് പ്രവാചകന്മാരുടെ പ്രബോധന പ്രവർത്തനങ്ങൾക്ക് വേദിയായ മണ്ണായിരുന്നു. അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ) അദ്ദേഹത്തിന്റെ അവസാന കാലത്ത് ഷാമിലെ ജനതയുടെ വിജയത്തിനു വേണ്ടി പ്രാർഥിച്ചിരുന്നതായി ഇസ് ലാമിക ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. മുസ് ലിംകളുടെ ആദ്യത്തെ ഖിബ് ല ഫലസ്തീനിലെ മസ്ജിദുൽ അഖ്സ ആയിരുന്നു. പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബിയുടെ ആകാശ ആരോഹണ യാത്രയുടെ തുടക്കം മസ്ജിദുൽ അഖ്സയിൽ നിന്നായിരുന്നു. ഇസ് ലാമിൽ പ്രധാനപ്പെട്ട മൂന്ന് പള്ളികളിൽ ഒന്നാണ് ഖുദുസിലെ മസ്ജിദുൽ അഖ്സ. അതിനാൽ, ചരിത്രപരമായി മസ്ജിദുൽ അഖ്സയും ഫലസ്തീനും ഇസ് ലാമുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട് എന്ന് അനസ് മൗലവി വിശദീകരിച്ചു.
മസ്ജിദുൽ അഖ്സ മുസ് ലിംകളുടെ കൈയിൽ എത്തുന്നത് വരെ ലോകാവസാനം സംഭവിക്കുകയില്ല എന്നും ഇസ് ലാമിന്റെ ആവിർഭാവം മക്കയിലാണെന്നും അവസാനം ഷാമിലായിരിക്കുമെന്നുമുള്ള പ്രവാചക വചനങ്ങൾ ഇസ് ലാമും മസ്ജിദുൽ അഖ്സയടങ്ങുന്ന ഫലസ്തീൻ പ്രദേശവും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. മതപരമായ സമവാക്യങ്ങൾക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ അളവുകോൽ വെച്ച് നോക്കിയാൽ പോലും ന്യായീകരിക്കാനാവാത്ത ക്രൂരതയാണ് അധിനിവേശത്തിന്റെ നിർവചനമായ ഇസ്രായിൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്നത്. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും നിഷ്ഠൂരം വധിച്ചു കളയുന്ന, അവരുടെ സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്ന, വൈദ്യുതിയും വെള്ളവും ഭക്ഷണവും മുടക്കുന്ന കാടത്തപരമായ സമീപനത്തെ ലോക ജനതയ്ക്ക് അംഗീകരിക്കുവാൻ സാധിക്കുകയില്ല എന്ന സത്യം ഉറക്കെ പറയാൻ നാം ഓരോരുത്തരും തയാറാവേണ്ടതുണ്ട് എന്ന് അനസ് മൗലവി പ്രസ്താവിച്ചു.
കഷ്ടപ്പാടിന്റെ പരകാഷ്ഠയിൽ എത്തിനിൽക്കുന്ന ഫലസ്തീൻ ജനതയുടെ സുരക്ഷിതത്വത്തിന് വേണ്ടി സർവലോക സ്രഷ്ടാവിനോട് പ്രാർഥിക്കുകയാണ് ഐക്യദാർഢ്യം എന്നു പറയുമ്പോൾ നാമോരോരുത്തരും ചെയ്യേണ്ടത് എന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കളായ കെ.ടി.എ മുനീർ (ഒ.ഐ.സി.സി.ഐ), വി.പി മുസ്തഫ (കെ.എം.സി.സി), ഷിബു തിരുവനന്തപുരം (നവോദയ), സി.എച്ച് ബഷീർ (കെ.ഐ.ജി), പി.പി.എ റഹീം (ന്യൂ എയ്ജ്), സുൽഫിക്കർ ഒതായി (മീഡിയ ഫോറം) എന്നിവർ ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്ററിന്റെ ഐക്യദാർഢ്യ സദസ്സിന് സർവ പിന്തുണയും നേർന്നുകൊണ്ട് സംസാരിച്ചു.ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ ചേർന്ന ഐക്യദാർഢ്യ സദസ്സിന് ഷിഹാബ് സലഫി എടക്കര സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.