എന്‍.സി.പി നേതാവിനും മരുമകളായ ബി.ജെ.പി എം.പിക്കും 137 കോടി രൂപ പിഴ

മുംബൈ- അനധികൃതമായി മണ്ണെടുത്ത കേസില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എംഎല്‍സി) ഏക്‌നാഥ് ഖഡ്‌സെയ്ക്കും മരുമകളും ബി.ജെ.പി എം.പുയമായ രക്ഷാ ഖഡ്‌സെയ്ക്കും 137 കോടി രൂപ പിഴ.  ജല്‍ഗാവിലെ മുക്തൈനഗര്‍ താലൂക്കിലെ തഹസില്‍ദാരാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയത്.
 ഖഡ്‌സെയും മരുമകളും 'അനധികൃത' മണ്ണ് ഖനനം നടത്തിയെന്നാണ് ആരോപണം.
വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഖഡ്‌സെയ്ക്ക് നോട്ടീസ് നല്‍കുകയും 137 കോടി രൂപ പിഴയടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവരുടെ ഭൂമിയില്‍ നിന്ന് അനുമതിയില്ലാതെ മണ്ണെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. 1.18 ലക്ഷം  പാറ, കരിങ്കല്ല് എന്നിവ അനധികൃതമായി ഖനനം ചെയ്തുവെന്നും ഇതിനായി അധികൃതരില്‍ നിന്ന് അധിക അനുമതി വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.
ഏകനാഥ് ഖഡ്‌സെ, ഭാര്യ മന്ദാകിനി ഖഡ്‌സെ, മകള്‍ രോഹിണി ഖഡ്‌സെ, മരുമകള്‍ രക്ഷാ ഖഡ്‌സെ എന്നിവരുടെ ഭൂമിയിലാണ് ഖനനം നടന്നത്. പിഴ തുകയായ 137,14,81,883 രൂപ നോട്ടീസ് പുറപ്പെടുവിച്ച തീയതി മുതല്‍ 15 ദിവസത്തിനകം അടയ്ക്കണം.
ബി.ജെ.പി വിട്ടതിന് ശേഷം ഏകനാഥ് ഖഡ്‌സെ 2020ല്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) ചേര്‍ന്നു. നിലവില്‍ അദ്ദേഹം മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്.  മരുമകള്‍ രക്ഷ ഖഡ്‌സെ മഹാരാഷ്ട്രയിലെ റാവര്‍ ലോക്‌സഭാ സീറ്റില്‍ ബി.ജെ.പിയെ  പ്രതിനിധീകരിക്കുന്നു.

 

Latest News