Sorry, you need to enable JavaScript to visit this website.

സൗദി ടെലികോം കമ്പനി 5-ജി ശൃംഖല വികസിപ്പിക്കുന്നു

ജിദ്ദ - സൗദി ടെലികോം ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ 5-ജി നെറ്റ്‌വർക്കിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന് തുടക്കമിട്ടു. സൗദിയിലെ 75 ലേറെ നഗരങ്ങളിലും ചെറുനഗരങ്ങളിലും 5-ജി നെറ്റ്‌വർക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതിക്ക് എസ്.ടി.സി ഗ്രൂപ്പ് ഭീമമായ നിക്ഷേപമാണ് നടത്തുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും അഞ്ചാം തലമുറ ശൃംഖല സാങ്കേതികവിദ്യ എത്തിക്കുന്നതിൽ കമ്പനി വിജയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയെന്നോണമാണ് രാജ്യത്തെ 75 നഗരങ്ങളിലേക്കു കൂടി കമ്പനി 5-ജി നെറ്റ്‌വർക്ക് വ്യാപിപ്പിക്കുന്നത്. വിപുലീകരണത്തിനും വളർച്ചക്കുമുള്ള ഗ്രൂപ്പിന്റെ തന്ത്രത്തിന് അനുസൃതമായി, നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള നിക്ഷേപങ്ങൾ സൗദിയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാനും പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കാനും ഗുണനിലവാരമുള്ള തൊഴിവലസരങ്ങൾ സൃഷ്ടിക്കാനും ആളുകളുടെ ജീവിതത്തെ ഡിജിറ്റൽ രീതിയിൽ സമ്പന്നമാക്കാനും സഹായിക്കും. 
2019 ൽ അഞ്ചു പ്രധാന നഗരങ്ങളിലെ 35 ശതമാനത്തിലേറെ നിവാസികൾക്ക് എസ്.ടി.സി 5-ജി സേവനം ലഭ്യമാക്കിയിരുന്നു. റിയാദ്, ജിദ്ദ, മക്ക, മദീന, ദമാം നഗരങ്ങളിലാണ് കമ്പനി ആദ്യമായി 5-ജി സേവനം ലഭ്യമാക്കിയത്. തൊട്ടടുത്ത വർഷം രാജ്യത്തെങ്ങുമായി 75 നഗരങ്ങളിലേക്കു കൂടി 5-ജി സേവനം വ്യാപിപ്പിച്ചു. പിന്നീടുള്ള വർഷങ്ങളിലും 5-ജി സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തുടർന്നു. കഴിഞ്ഞ വർഷാവസാനത്തോടെ പ്രധാന നഗരങ്ങളിലെ 90 ശതമാനത്തിലേറെ സ്ഥലങ്ങളിലും 5-ജി സേവനം ലഭ്യമാക്കാൻ എസ്.ടി.സി ഗ്രൂപ്പിന് സാധിച്ചു. അഞ്ചു പ്രധാന നഗരങ്ങളിലെ മുഴുവൻ ടവറുകളിലും നൂതന അഞ്ചാം തലമുറ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിന് വലിയ നിക്ഷേപം നടത്തി ഈ വർഷം എസ്.ടി.സി ഗ്രൂപ്പ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും അഭൂതപൂർവവുമായ വിപുലീകരണ പ്രക്രിയയിലൂടെ ഒരു പുതിയ ഉയരത്തിലെത്താൻ തീരുമാനിക്കുകയായിരുന്നു.
 

Latest News