Sorry, you need to enable JavaScript to visit this website.

സൗദിയില്‍ കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

ജുബൈല്‍- സൗദി അറേബ്യയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

ജുബൈലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ അല്‍ഫാദിലി മേഖലയില്‍ 82 വയസ്സായ ഉമര്‍ സിറാജുദ്ദീന്റെ മൃതദേഹം കണ്ടെത്തിയതായി അസോസിയേഷന്‍ ഫോര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ നിന്ന് വയോധികനെ കാണാതായതായി വിവരം ലഭിച്ചതെന്ന് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആദില്‍ അല്‍ ഖഹ്താനി പറഞ്ഞു. വിവരം ലഭിച്ചയുടന്‍ അസോസിയേഷന്‍ അംഗങ്ങള്‍  തിരച്ചില്‍ നടത്തുകയും വയോധികന്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തുകയും ചെയ്തു,
തുടര്‍ന്ന് തിരച്ചില്‍ സംഘം  കാണാതായ വ്യക്തിക്കായി കാല്‍നടയായി തിരച്ചില്‍ ആരംഭിച്ചു.  20 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവില്‍ അസോസിയേഷന്‍ അംഗം മറായി അല്‍ശഹ് രിയാണ്  കാണാതായ ആളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ആദില്‍ ഖഹ്താനി പറഞ്ഞു. ജുബൈല്‍ പോലീസ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സൗദി റെഡ് ക്രസന്റ് അതോറിറ്റി, അസോസിയേഷന്‍ ഓഫ് പ്രൊഫഷണലുകള്‍ ഫോര്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളും തെരച്ചില്‍ ദൗത്യത്തില്‍ പങ്കാളികളായി.  
കാണാതായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത് മുതല്‍ കാണാതായ ആളുടെയും കാറിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

 

Latest News