ദമാം- യഥാർഥ മേൽവിലാസം അറിയാനാകാതെയും ബന്ധുക്കളെ കണ്ടുപിടിക്കാനാകാതെയും ദമാമിൽ മോർച്ചറിയിൽ കഴിഞ്ഞ മൃതദേഹത്തിന് അവകാശികളുണ്ടാകുന്നു. 2015 ഡിസംബർ 15ന് അൽകോബാർ അൽ ഫഖ്‌രി ആശുപത്രിയിൽ നിര്യാതനായ കോയമൂച്ചിയെന്ന് കരുതുന്ന ആളുടെ ബന്ധുക്കളാണ് ഒരു വാർത്താ ചാനലിലൂടെ രംഗപ്രവേശം ചെയ്തിരിക്കുന്നത്. എന്നാൽ വിഷയം കൈകാര്യം ചെയ്യുന്ന ദമാമിലെ സാമൂഹിക പ്രവർത്തകരെ ഇവർ ബന്ധപ്പെട്ടിട്ടില്ല.
കോയമൂച്ചി, കടവൻ പയിക്കാട്ട്, പൂവാട്ട്പറമ്പ്, പറപ്പൂർ, കോഴിക്കോട് എന്നാണ് മൃതദേഹത്തിന്റെ പാസ്‌പോർട്ടിലുള്ള വിവരം. ഇത് വ്യാജമാണെന്നാണ് കരുതുന്നത്. കാസർകോട് സ്വദേശിയെന്നാണ് ഇദ്ദേഹം മറ്റുള്ളവരെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ കാസർകോട്ടോ കോഴിക്കോട്ടോ ഇങ്ങനെയൊരാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കോയമൂച്ചിയുടെ യഥാർഥ പേര് ഹസൈനാർ എന്നാണെന്നും കാസർകോട് ബന്തടുക്ക സ്വദേശിയാണെന്നുമാണ് ചാനലിലൂടെ രംഗപ്രവേശം ചെയ്ത ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തിന്റെ മാതാവ് രണ്ടു വർഷം മുമ്പ് മരിച്ചുവെന്നും പറയുന്നുണ്ട്. രണ്ടു സഹോദരന്മാർ ഉണ്ടെന്നും അവർ രേഖയുണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും ഇയാൾ ചാനലിനോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ 25 വർഷം അൽഹസയിൽ കോയ മൂച്ചിയുടെ കൂടെ താമസിച്ചിരുന്നുവെന്ന് പറഞ്ഞ് മറ്റൊരാളും രംഗത്ത് വന്നിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് പത്ത് വർഷം അൽകോബാറിലാണ് കോയ മൂച്ചി താമസിച്ചിരുന്നതെന്ന് ഇദ്ദേഹം താമസിച്ചിരുന്ന മുറിയുടെ സമീപമുള്ള പല ആളുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ പ്രവർത്തിക്കുന്ന താനുമായി ഇതുവരെയും ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് നാസ് വക്കം മലയാളം ന്യൂസിനോട് പറഞ്ഞു. കോയ മൂച്ചിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇന്ത്യൻ എംബസിയെയോ 00966569956848 എന്ന നമ്പറിൽ തന്നെയോ ബന്ധപ്പെടണമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധുക്കളായി ആരുമെത്താത്തതിനാൽ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ രണ്ടര വർഷമായി സൂക്ഷിച്ച മൃതദേഹം പോലീസ് മറവ് ചെയ്യാൻ ഒരുങ്ങുന്ന വാർത്ത മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞെന്ന് പറഞ്ഞ് ബന്ധുക്കൾ രംഗത്ത് വന്നതെന്ന് കരുതുന്നു.
മൃതദേഹം സൗദിയിൽ മറവു ചെയ്യുന്നതിനോ നാട്ടിലേക്കയക്കുന്നതിനോ സ്‌പോൺസർ മുന്നിട്ടിറങ്ങിയെങ്കിലും കുടുംബക്കാരുമായോ നാട്ടുകാരുമായോ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോർട്ടിലെ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തിയത്. ജവാസാത്തിൽ നിന്നു ശേഖരിച്ച വിവരപ്രകാരം 22 വർഷം മുമ്പാണ് കോയ മൂച്ചി സൗദിയിലെത്തിയത്. ഏറ്റവും ഒടുവിൽ റി-എൻട്രി വിസയിൽ അവധിയിൽ പോയി മടങ്ങിയെത്തിയത് 12 വർഷം മുമ്പാണെന്നും രേഖകളിലുണ്ട്.
ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വരുന്നത് ജീവനക്കാർക്കും മറ്റും കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നറിയിച്ച് ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം മറവു ചെയ്യാൻ വൈകുന്നതിന്റെ പേരിൽ സ്‌പോൺസർക്കുള്ള സേവനം തൊഴിൽ മന്ത്രാലയം റദ്ദു ചെയ്തിരുന്നു.
ഏതാനും മാസം മുമ്പ്, കോയ മൂച്ചിയുടെ പിതാവാണെന്ന് പറഞ്ഞ് ഒരാളും സഹോദരീ ഭർത്താവാണെന്ന് പറഞ്ഞു മറ്റൊരാളും രംഗത്ത് വന്നിരുന്നു. പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ലെന്നു നാസ് വക്കം പറഞ്ഞു. കോയ മൂച്ചിയുടെ സാമ്പത്തിക സ്ഥിതി കൂടി പുറത്തു വന്നതോടെയാണ് അവകാശവാദവുമായി പലരും രംഗത്ത് വരുന്നതെന്ന് സംശയിക്കുന്നതായും നാസ് പറയുന്നു.