Sorry, you need to enable JavaScript to visit this website.

അങ്ങിനെ ബാങ്കിന്റെ ചെലവില്‍ പങ്കാളിയ്ക്ക്  ഭക്ഷണം വാങ്ങിക്കൊടുത്ത് സുഖിക്കണ്ട-കോടതി  

ലണ്ടന്‍-ബാങ്കിന്റെ ചെലവില്‍ രണ്ട് പേര്‍ക്കുള്ള ഭക്ഷണം വാങ്ങി പങ്കാളിയോടൊപ്പം കഴിച്ചതിന് ശേഷം മുഴുവന്‍ ഭക്ഷണവും താനാണ് കഴിച്ചതെന്ന് നുണ പറഞ്ഞതിന് ജീവനക്കാരനെ തിരിച്ചുവിട്ട ബാങ്ക് നടപടി ശരിവെച്ച് കോടതി വിധി. ലണ്ടനിലെ സിറ്റി ബാങ്കില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്തിരുന്നതിന് സാബോള്‍ക്സ് ഫെകെറ്റിനെയാണ് ഗുരുതരമായ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ബാങ്ക്, ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. 2022 ജൂലൈയിലെ ആംസ്റ്റര്‍ഡാമിലേക്കുള്ള ഔദ്യോഗിക യാത്രയില്‍ ഇയാള്‍ കമ്പനിയെ തെറ്റിദ്ധരിപ്പിക്കും വിധം പെരുമാറിയെന്നായിരുന്നു ഇയാളുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം.
ഫെക്കെറ്റിനോട് യാത്രാ ചെലവുകള്‍ ചോദിച്ചപ്പോള്‍ ഇദ്ദേഹം ബാങ്ക് അധികൃതര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശമാണ് പിരിച്ചുവിടലിലേക്ക് നയിച്ചത്. യാത്രയ്ക്കിടയില്‍ ഇദ്ദേഹം ചെലവില്‍ കാണിച്ചിരുന്നത് രണ്ടു സാന്‍വിച്ചുകളും രണ്ട് കോഫികളും രണ്ടു പാസ്തകളുമായിരുന്നു. യഥാര്‍ത്ഥത്തില്‍ എല്ലാ വിഭവത്തിന്റെയും ഓരോ ഐറ്റം യാത്രയില്‍ ഇയാളോടൊപ്പം ഉണ്ടായിരുന്ന പങ്കാളിക്കായി വാങ്ങിയതായിരുന്നു. എന്നാല്‍ ബാങ്കില്‍ നല്‍കിയ മറുപടിയില്‍ അവയെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്നാണ് ഫെക്കെറ്റ് അവകാശപ്പെട്ടു. മാത്രമല്ല ബാങ്ക് അനുവദിച്ചിട്ടുള്ള പ്രതിദിന യാത്ര ചെലവായ 100 യൂറോയില്‍ കൂടുതലായി താനൊരു തുക പോലും ചെലവാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജീവനക്കാരന്റെ മറുപടി വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയ സിറ്റി ബാങ്ക് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി. ബാങ്ക് അന്വേഷണം ആരംഭിച്ചതിന് ശേഷം, സിറ്റി ബാങ്കില്‍ ജോലി ചെയ്യാത്ത തന്റെ പങ്കാളി തന്നോടൊപ്പം യാത്ര ചെയ്തതായി ഫെക്കെറ്റ് സമ്മതിച്ചു. എന്നാല്‍, ഭക്ഷണമെല്ലാം താന്‍ തന്നെയാണ് കഴിച്ചതെന്ന് അദ്ദേഹം വീണ്ടും അവകാശമുന്നയിച്ചു. ഫെക്കെറ്റ് നുണ ആവര്‍ത്തിച്ചതോടെ ഇയാളെ സിറ്റി ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് തന്നെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഫെക്കെറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് പരിഗണിച്ച ജഡ്ജി ബാങ്കിന് അനുകൂലമായി വിധിക്കുകായിരുന്നു. കള്ളം പറയുകയും ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത മോശം പെരുമാറ്റത്തിന് ജീവനക്കാരനെ പിരിച്ചുവിട്ട ബാങ്കിന്റെ നടപടി അന്യായമായി കാണാന്‍ ആകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
 

Latest News