Sorry, you need to enable JavaScript to visit this website.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക്  ദീപാവലിയ്ക്ക് കൈ നിറയെ പണം 

ന്യൂദല്‍ഹി-ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. ഡി.എ നാലു ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ 42% ല്‍ നിന്ന് 46% ആയി ഉയരും. 47 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
2023 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ദ്ധനവ് നടപ്പാക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (എഐസിപിഐ) നിര്‍ണ്ണയിച്ചാണ് ഡിഎ വര്‍ദ്ധിപ്പിച്ചത്. ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ബോണസ് പ്രാഖ്യാപിച്ചു. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 7000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ദീപാലിയോടനുബന്ധിച്ച് ബോണസ് ആയി ജീവനക്കാര്‍ക്ക് നല്‍കുന്നത്.
2021 മാര്‍ച്ച് 31 വരെ സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 6 മാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാകും. പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവന്‍സാണ് ഡിയര്‍നസ് അലവന്‍സ് (ഡിഎ). ഡിയര്‍നെസ് റിലീഫ് (ഡിആര്‍) സമാന സ്വഭാവമുള്ളതും കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്പെടുന്നതുമാണ്.
പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രതിമാസ ശമ്പളത്തിന്റെയും പെന്‍ഷന്‍ സമ്പത്തിന്റെയും കുറഞ്ഞുവരുന്ന വാങ്ങല്‍ ശേഷിയെ ചെറുക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും സര്‍ക്കാര്‍ ഡിഎ/ഡിആര്‍ നിരക്ക് പതിവായി പരിഷ്‌കരിക്കാറുണ്ട്.

Latest News