ഫലസ്തീനികള്‍ സ്വന്തം രാജ്യം ഉപേക്ഷിക്കില്ല - മഹ്മൂദ് അബ്ബാസ്

ജിദ്ദ - സ്വന്തം രാജ്യം ഫലസ്തീനികള്‍ ഉപേക്ഷിക്കില്ലെന്നും സ്വന്തം നാട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഗാസ ആശുപത്രിക്കെതിരെയുണ്ടായത് വെച്ചുപൊറുപ്പിക്കാനാകാത്ത ഹീനമായ ആക്രമണമാണ്. ഇതിന് കണക്കു ചോദിക്കാതെ പോകില്ല. യുദ്ധം അവസാനിപ്പിക്കലല്ലാത്ത ഒരു വാക്കും തങ്ങളാരും അംഗീകരിക്കില്ല. പൊറുക്കപ്പെടാത്ത കുറ്റകൃത്യമാണ് ഇസ്രായില്‍ നടത്തിയത്. ഇതിലൂടെ എല്ലാ അതിര്‍വരമ്പുകളും ഇസ്രായില്‍ മറികടന്നിരിക്കുന്നു.
കണക്കുപറയാതെ പോകാനും ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനും ഇസ്രായിലിനെ തങ്ങള്‍ അനുവദിക്കില്ല. എപ്പോഴും മൗനത്തിന്റെ മാളത്തില്‍ ഒളിച്ച ലോകം ഇപ്പോഴെങ്കിലും നിഷ്‌ക്രിയത്വം വിട്ടുണരണം. 1948 ലും 1967 ലും സംഭവിച്ചത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, കാടന്‍ നിയമങ്ങളുടെ യുഗത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നതെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തി പറഞ്ഞു. കൈക്കരുത്തുള്ളവര്‍ ദുര്‍ബലരെ വിഴുങ്ങുന്നു. അന്താരാഷ്ട്ര സമൂഹം ആരാച്ചാര്‍ക്കൊപ്പം നിലയുറപ്പിക്കുന്നു. ഗാസയില്‍ മാനുഷിക മൂല്യങ്ങള്‍ ലംഘിക്കപ്പെടുകയാണ്. ഇത് തുടരാന്‍ പാടില്ല. 75 വര്‍ഷമായി ഫലസ്തീന്‍ പ്രശ്‌നത്തെ ലെബനോന്‍ നെഞ്ചേറ്റിയിരിക്കുകയാണ്. മുഴുവന്‍ മാനുഷിക മൂല്യങ്ങളും ചവറ്റുകൊട്ടയിലെറിയുന്നത് ലോകം കാണുന്നു. ഗാസ സംഘര്‍ഷത്തില്‍ യു.എന്നും രക്ഷാ സമിതിയും എവിടെയാണ്. നീതിക്ക് കാതലായ പ്രഹരമേല്‍പിക്കുന്ന കാലമാണിതെന്നും ലെബനീസ് പ്രധാനമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങളിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും സ്ഥാപിതമായ ഒരു രാഷ്ട്രം നടത്തിയ യുദ്ധക്കുറ്റമാണ് ഗാസ ആശുപത്രിയിലെ നരമേധമെന്ന് ലെബനീസ് പ്രതിരോധ മന്ത്രി മൗറിസ് സലീം പറഞ്ഞു.

 

Latest News